എല്ലാ ആഴ്ചയിലും കൃത്യമായ പരിശോധന; കിടപ്പിലായ രോഗികളെയും വയോജനങ്ങളെയും പരിചരിക്കാന്‍ ഇനി സുരക്ഷ പാലിയേറ്റീവിന്റെ സംഘം വീട്ടിലെത്തും, കൊല്ലം മേഖല ഹോം കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊയിലാണ്ടി: കിടപ്പിലായ രോഗികളെയും വയോജനങ്ങളെയും വീട്ടിലെത്തി പരിചരിക്കാന്‍ കൊല്ലത്ത് സുരക്ഷ പാലിയേറ്റീവിന്റെ ഹോം കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഒരു നഴ്‌സും പന്ത്രണ്ടോളം വളണ്ടിയേഴ്‌സും അടങ്ങിയ ഹോംകെയര്‍ സംവിധാനമാണുള്ളത്.

ആഴ്ചയില്‍ ഒരുദിവസം എല്ലാ കിടപ്പിലായ രോഗികളുള്ള വീടുകളിലും അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്കും വീട്ടിലെത്തി ആവശ്യമുള്ള ചെക്കപ്പുകള്‍ നടത്തും. പ്രഷര്‍, ഷുഗര്‍, ഡ്രസ്സിംഗ് തുടങ്ങിയവയാണ് പരിശോധനകള്‍. കൂടാതെ അവര്‍ക്ക് ആവശ്യമായ വീല്‍ചെയര്‍, എയര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങളും എത്തിച്ചു നല്‍കുന്നതാണ്.

കൊല്ലം മേഖലാ തല ഉദ്ഘാടനം കൊയിലാണ്ടി സോണല്‍ കണ്‍വീനര്‍ സി.പി. ആനന്ദന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിര്‍വ്വഹിച്ചു. മേഖലാ കണ്‍വീനര്‍ സി.കെ. ഹമീദ് സ്വാഗതം പറഞ്ഞു. പി.കെ. ഷൈജു, നഴ്‌സ് ജിഷ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍. പി.കെ. അധ്യക്ഷത വഹിച്ചു.