നിരനിരയായി ​ഗജവീരന്മാർ, മധ്യത്തിൽ പിടിയാന, കൊട്ടിക്കയറിയ മേളത്തിൽ ആസ്വാദന ലഹരിയിലമർന്ന് ജനങ്ങൾ; ഭക്തിനിർഭരമായി പിഷാരിക്കാവ് ക്ഷേത്രത്തിലെ പുറത്തെഴുന്നള്ളിപ്പ്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ഉത്സവാഘോഷങ്ങൾ ഇന്ന് അവസാനിക്കും. രാത്രി വാളകം കൂടുന്നതോടെയാണ് ക്ഷേത്ര ചടങ്ങുകൾ അവസാനിക്കുന്നത്. ക്ഷേത്ര ചടങ്ങുകൾ, നാദവിസ്മയം, ആഘോഷ വരവുകൾ ഉൾപ്പെടെയുള്ളവയാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ആഘോഷ ലഹരിയിലായിരുന്നു നാടും നാട്ടുകാരും. ​ഗജവീരന്മാരെ അണിനിരത്തിയുള്ള കാഴ്ചശീവേലിക്കൊപ്പം പ്രശസ്ത വാദ്യ കലാകാരന്മാരെ അണിനിരത്തിയുള്ള മേളമായിരുന്നു അതിൽ പ്രധാനം.

വലിയവിളക്ക് ദിവസമായ ഇന്നലത്തെ പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളിപ്പിനും വാദ്യകലാകാരന്മാരും ആനകളും അണിനിരന്നതോടെ ക്ഷേത്രസന്നിധി ഭക്തിനിർഭരമായി. രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് വലിയവിളക്ക് ദിവസത്തെ പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളിപ്പ് നടന്നത്. ഗജവീരന്മാരുടെ അകമ്പടിയോടെയാണ് സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്താണ് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ചത്. പുറത്തെഴുന്നള്ളിപ്പിന് പകിട്ടേകാൻ രണ്ട് പന്തിമേളവുമുണ്ടായിരുന്നു. ഒന്നാം പന്തിമേളത്തിന് കലാമണ്ഡലം ബലരാമനും രണ്ടാം പന്തിമേളത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും പ്രമാണിമാരായി.

വാദ്യകലയിലെ പ്രഗത്ഭരായ കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, വെള്ളിനേഴി ആനന്ദ്, വെള്ളിനേഴി രാംകുമാര്‍, കലാമണ്ഡലം ശിവദാസന്‍മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍, മട്ടന്നൂര്‍ അജിത്ത് മാരാര്‍, മട്ടന്നൂര്‍ ശ്രീജിത്ത് മാരാര്‍, മുചുകുന്ന് ശശിമാരാര്‍, കടമേരി ശ്രീജിത്ത് മാരാര്‍, കലാമണ്ഡലം സനൂപ്, ചീനംകണ്ടി പത്മനാഭന്‍, മാരായമംഗലത്ത് രാജീവ്, കാഞ്ഞിലശ്ശേരി അരവിന്ദന്‍ (കുറുംകുഴല്‍ പ്രമാണം), വരവൂര്‍ വേണു (കൊമ്പ് പ്രമാണം) എന്നിവരുടെ രണ്ട് പന്തിമേളത്തോടെയാണ് പുറത്തെഴുന്നള്ളിപ്പ് നടന്നത്. മത്സരിച്ചുള്ള നാദസ്വരങ്ങളുടെ മേളം കാണികളെ ആവേശഭരിതരാക്കി. പുലരുവോളം തുടർന്ന മേളം ആസ്വദിക്കാൻ നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തിൽ അണിനിരന്നത്. മേളം കൊട്ടികയറിയപ്പോൾ കാണികളെല്ലാം ആസ്വാദക ലഹരിയിൽ അമർന്നു.