ചെറിയവിളക്കിന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള, കേരളത്തിലെ പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന രണ്ടുപന്തിമേളം; കാളിയാട്ട മഹോത്സവത്തിനായി ഇനി നാളുകളെണ്ണി കാത്തിരിക്കാം


കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളില്‍ കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും. പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

പതിവുപോലെ പ്രശസ്ത വാദ്യകലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചെണ്ടമേളമാണ് ഇത്തവണയും. ചെറിയവിളക്ക് ദിനത്തില്‍ കലാമണ്ഡലം ശിവദാസന്‍ മാരാരുടെ മേളപ്രമാണത്തില്‍ പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലിയുണ്ടാവും. രാത്രി ശുകപുരം രാജിത്തിന്റെയും ശുകപുരം രജോദിന്റെയും ഡബിള്‍ തായമ്പകയമുണ്ടാകും.

ചലച്ചിത്ര പിന്നണി ഗായകന്‍ ജാസി ഗിഫ്‌റ് നയിക്കുന്ന ഗാനമേളയാണ് ഏപ്രില്‍ മൂന്ന് ചെറിയവിളക്കിനുളള കലാവിരുന്ന്. ഏപ്രില്‍നാല് വലിയ വിളക്ക് ദിനത്തിലെ പുറത്തെഴുന്നള്ളിപ്പ് ഗജവീരന്മാരുടെയും വാദ്യകലാകാരന്മാരുടെയും അകമ്പടിയോടെ പതിവുപോലെ പ്രൗഢഗംഭീരമായി തന്നെയുണ്ടാവും.

വാദ്യകുലപതികളായ കലാമണ്ഡലം ശിവദാസ് മാരാര്‍, മടന്നൂര്‍ ശ്രീകാന്ത് മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, സദനം രാജേഷ് മാരാര്‍, ചിറക്കല്‍ നിധീഷ് മാരാര്‍, കല്ലൂര്‍ ജയന്‍, കല്ലൂര്‍ ശബരി, സദനം സുരേഷ് പനമണ്ണ നോഹരന്‍, വരവൂര്‍ വേണു, കടമേരി ഉണ്ണിക്കൃഷ്ണന്‍, മട്ടന്നൂര്‍ അജിത്ത് മാരാര്‍, കലാമണ്ഡലം സനൂപ്, മാരായമംഗലം രാജീവ്, പള്ളിപ്പുറം വൈശാഖ്, കാഞ്ഞിലശ്ശേരി അരവിന്ദന്‍, മുചുകുന്ന് ശശിമാര്‍, സരുണ്‍ മാധവ് പിഷാരികാവ് തുടങ്ങിയവര്‍ അണിനരക്കും. കലാമണ്ഡലം ശിവദാസന്‍ മാരാരാണ് ഒന്നാം പന്തിമേള പ്രമാണം. മടന്നൂര്‍ ശ്രീകാന്ത് മാര്‍ രണ്ടാം പന്തിയും. വലിയ വിളക്കിന് രാത്രിയും കാളിയാട്ടദിവസവും കരിമരുന്ന് പ്രയോഗവുമുണ്ടായിരിക്കും.