പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ച സംഭവം: ഒരു വര്‍ഷത്തിനിപ്പുറവും ജീവനക്കാരിയ്‌ക്കെതിരെ നടപടിയില്ല; സാക്ഷികളും സി.സി.ടി.വി ദൃശ്യങ്ങളുമുണ്ടായിട്ടും ആരോപണ വിധേയയെ സംരക്ഷിക്കുന്ന ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഭക്തരുടെ പ്രതിഷേധം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ ക്ഷേത്രജീവനക്കാരി പണം മോഷ്ടിച്ച സംഭവത്തില്‍ ഒരുവര്‍ഷത്തിനിപ്പുറവും ജീവനക്കാരിയ്‌ക്കെതിരെ നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ്. 2021 മാര്‍ച്ച് പതിനെട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചതായി എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി ലഭിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായ ജീവനക്കാര്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇതോടെ രണ്ടുദിവസത്തിനുശേഷം ആരോപണവിധേയയായ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവം നടന്ന് ഒരു വര്‍ഷത്തിനിപ്പുറവും ഈ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാവാത്തത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടും ഇക്കാര്യം ഇതുവരെ പൊലീസില്‍ പരാതിപ്പെടുക പോലും ചെയ്തിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പരാതി ലഭിച്ചതിനു പിന്നാലെ ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡ് ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ഇക്കാര്യം പരിശോധിക്കുകയും ചെയ്തിരുന്നു. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ആരോപണം ശരിവെക്കുന്നതാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതായി അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ഇളയിടത്ത് വേണുഗോപാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സംഭവത്തിന് സാക്ഷിയായ മൂന്നുപേരുടെ മൊഴിയും ആരോണപണ വിധേയയായ ജീവനക്കാരിയ്ക്ക് എതിരാണ്. ഈ മൊഴി ശരിവെക്കുന്നതായിരുന്നു സി.സി.ടി.വി ദൃശ്യങ്ങളും. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റി ബോര്‍ഡിലെ ഒരംഗം ഒഴികെ മറ്റെല്ലാവരും ജീവനക്കാരിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു. ഇത് സംബന്ധിച്ച് ഒരു ലീഗല്‍ ഒപ്പീനിയന്‍ നേടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് അഭിഭാഷകരുടെ ഒരു അന്വേഷണ കമ്മീഷനെ വെച്ച് ഒന്നുകൂടി കാര്യം അന്വേഷിക്കാമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആവശ്യപ്പെടുകയും ഇതുപ്രകാരം കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. അന്ന് തന്നെ ഇത് ആരോപണ വിധേയയായ ജീവനക്കാരിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് അന്വേഷണത്തിന്റെ ഘട്ടങ്ങളിലും ജീവനക്കാര്‍ക്കിടയില്‍ തന്നെ അന്വേഷണം പ്രഹസനമാണെന്നും ജീവനക്കാരിയെ സഹായിക്കാന്‍ വേണ്ടിയാണെന്നുമുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.
ജീവനക്കാരിയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ആ മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും മുഖവിലയ്‌ക്കെടുക്കാതെ ആരോപണ വിധേയയെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചതെന്നാണ് ഭക്തര്‍ക്കിടയിലുള്ള ആക്ഷേപം.ഭക്തര്‍ കാണിക്കയായി നല്‍കിയ പണം അത് സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ജീവനക്കാരി തന്നെ മോഷ്ടിച്ചിരിക്കുന്നുവെന്നത് ഗൗരവമായ കുറ്റകൃത്യമാണ്.
ക്ഷേത്രം ജീവനക്കാരും പിഷാരികാവ് ക്ഷേത്രം ക്ഷേമസമിതിയും ജീവനക്കാരിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ഇതുസംബന്ധിച്ച പരാതി പൊലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിട്ടുണ്ട്. ജീവനക്കാരിയെ പുറത്താക്കാതെ സംരക്ഷിക്കുന്ന ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ശക്തമായ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുക്കുമെന്നും പിഷാരികാവ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും ദേവസ്വം ബോര്‍ഡിനും നല്‍കിയ പരാതിയില്‍ ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കുന്നു.