ഭക്തിയിൽ ആറാടി കൊല്ലം പിഷാരികാവ്; ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പിഷാരികാവിലമ്മ ഇന്ന് പുറത്തെഴുന്നള്ളും, ആയിരങ്ങളെ വരവേൽക്കാനൊരുങ്ങി നാട്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിലെ വലിയ വിളക്ക് ദിനമായ ഇന്ന് പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പുറത്തെഴുന്നള്ളും. രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവും എത്തിച്ചേർന്നതോടെ ക്ഷേത്ര പരിസരം ജനസമുദ്രമായി.
ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകളും, തണ്ടാന്റെ അരങ്ങോല വരവും ആചാരപൂർവ്വം ക്ഷേത്രത്തിലെത്തും. കൊല്ലത്ത് അരയന്റെ വെള്ളി കുടവരവ്, കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിൽ എത്തി. രാവിലെ കാഴ്ച ശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേള പ്രമാണിയായി.
വൈകുനേരം കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് മേള പ്രമാണിയാവും. രാത്രി 7 മണിക്ക് വയലിൻ സോളോ ഉണ്ട്. രാത്രി 11 മണിക്ക് ശേഷമാണ് പിഷാരികാവിലമ്മ പുറത്തെഴുന്നള്ളുക. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാഥകം ഗജവീരന്മാരുടെ അകമ്പടിയോടെ പ്രഗൽഭരവും വാദ്യക്കുലപതികളുമായ ഇരിങ്ങാപ്പുറം ബാബു, ശുകപുരം ദിലീപ്, കടമേരി ഉണ്ണികൃഷ്ണൻ മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, റിങ്ങിൽ കാഞ്ഞിലശ്ശേരി, പോരൂർ കൃഷ്ണദാസ്, വെളിയണ്ണൂർ സത്യൻ മാരാർ, സന്തോഷ് കൈലാസ്, മാരായമംഗലം രാജീവ്, മുചുകുന്ന് ശശി മാരാർ, കൊട്ടാരം വിനു, വിപിൻ മാങ്കുറിശ്ശി, മണികണo ൻ മാങ്കുറുശ്ശി, കാഞ്ഞിലശ്ശേരി അരവിന്ദൻ, ശരവണൻവളയനാട്, തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിലെ 150ൽപരം പ്രശസ്ത വാദ്യ കലാകാരന്മാര്‍ അണി നിരക്കുന്ന ഇരട്ട പന്തി മേളത്തോടെ പുറത്തഴുന്നള്ളിച്ച് പുലർച്ചെ വാളകം കൂടും.
ഇരിങ്ങാപ്പുറം ബാബുവിന്റെ മേളപ്രമാണത്തിൽ ഒന്നാം പന്തിയും ശുകപുരം ദിലീപിന്റെ മേളപ്രമാണത്തിൽ രണ്ടാം പന്തിയും പഞ്ചാരിമേളത്തോടെയായിരിക്കും എഴുന്നള്ളിപ്പ്. ഉത്സവത്തിന്റെ ഭാഗമായി വൻ സുരക്ഷാ സംവിധാനമാണ് പോലീസ് ക്ഷേത്ര പരിസരത്തും മറ്റുമായി ഒരുക്കിയിരിക്കുന്നത്. ദേശീയ പാതയിൽ ഉച്ചയ്ക്ക് 2 മുതൽ ഗതാഗതക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുനൂറോളം പോലീസുകാർ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരിക്കും. പിഷാരികാവിൽ വാച്ച് ടവറും സി.സി.ടി.വി.ക്യാമറകളും സ്ഥാപിച്ച് ഉന്നത പോലീസുദ്യാഗസ്ഥർ നിരീക്ഷണം നടത്തും. അനധികൃത മദ്യവിൽപ്പനയും ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും കർശനമായി തടയും.
മദ്യപിച്ചോ മറ്റോ ബഹളം ഉണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും. മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കും. പോക്കറ്റടിക്കാരെയും മാല മോഷ്ടാക്കളേയും കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. പ്രത്യേകമെഡിക്കൽ സംഘം, ആംബുലൻസ് സൗകര്യം, അഗ്‌നിസുരക്ഷാ വിഭാഗം എന്നിവയും ഡ്യൂട്ടിയിലുണ്ടായിരിക്കും.
Description: Kollam Pisharikavu festival; Kavilamma will come out today to shower blessings