‘ബലം പകരേണ്ട ബാല്യങ്ങളെ ബലികൊടുക്കരുത്; ബാലവേലക്കെതിരെ ഹ്രസ്വചിത്രവുമായി കൊല്ലം പിഷാരികാവ് ദേവസ്വം എല്‍പി സ്‌ക്കൂള്‍, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി


കൊയിലാണ്ടി: ഒരു കീറിയ ചാക്കും കൊണ്ട് പ്ലാസ്റ്റിക്ക് പെറുക്കുന്ന രണ്ട് ആണ്‍കുട്ടികള്‍, തലയില്‍ വിറകുമേന്തി പോകുന്ന പെണ്‍കുട്ടി, പറമ്പ് കിളയ്ക്കുന്ന കുട്ടി, പുത്തന്‍ബാഗും യൂണിഫോമും ധരിച്ച് സ്‌കൂളിലേയ്ക്ക് പോകുന്ന കുട്ടികള്‍, ഇത് നോക്കി സ്‌കൂള്‍ ഗേറ്റിന് മുന്‍വശം സങ്കടപ്പെട്ട് നില്‍ക്കുന്ന ആരോരുമില്ലാത്ത ഒരുനേരത്തെ ആഹാരത്തിനായി അധ്വാനിക്കുന്ന കുട്ടികള്‍ കാഴ്ചക്കാരുടെ മനസ്സുലച്ച വീഡിയോ ആണിത്. മന്ത്രി ശിവകുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഹ്രസ്വചിത്രം.

ജൂണ്‍ 12 ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കുരുന്നുകള്‍ നാളെയുടെ വാഗ്ദാനമാണെന്നും ബലം പകരേണ്ട ബാല്യങ്ങളെ ബലികൊടുക്കരുതെന്ന സന്ദേശത്തോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

കൊല്ലം പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് ആശയം അവതരിപ്പിച്ചപ്പോള്‍ പെട്ടെന്ന് തന്നെ അത് എടുത്ത് തീര്‍ക്കണമെന്നായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഏവരെയും മനസ്സിലാക്കിക്കണമെന്ന ദൃഡമായ തീരുമാനം ഇവര്‍ക്കുണ്ടായിരുന്നു. ഇന്നലെയാണ് ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നത്. സ്‌കൂള്‍ പരിസരം തന്നെയാണ് ലോക്കേഷനും. അഭിനയിച്ചത് സ്‌കൂളിലെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും.

 

വീഡിയോ കാണാം

https://www.facebook.com/reel/481063187764850

ടീച്ചര്‍മ്മാര്‍ വീഡിയോ എടുക്കാമെന്ന് പറഞ്ഞതും കുട്ടികളും ആവേശത്തിലായി. ദ്യാന്‍കൃഷ്ണ, ഭദ്രിനാഥ്, മുഹമ്മദ് ദില്‍ഹാന്‍, അയിഷ സെന്‍ഹ, ലക്ഷ്യ സുനില്‍ കുമാര്‍, ശ്രീറാം എന്നീ കൊച്ചുമിടുക്കന്‍മ്മാരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത്. അമ്പിളി, അധീന, മുഹമ്മദ് ഷഫീഖ്, ബിനിത എന്നീ അധ്യാപകരാണ് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. വീഡിയോയുടെ അവസാനഭാഗം ഏവരെയും മനംനിറയ്ക്കുന്ന കാഴ്ചയോടൊപ്പം സന്ദേശം നല്‍കിയത് സ്‌കൂളിലെ അധ്യാപകനായ അവന്തിക് ആണ്.

ഇന്നലെ തന്നെ വീഡിയോ എടുക്കുകയും എഡിറ്റിംങും മറ്റും കാര്യങ്ങളും പൂര്‍ത്തിയാക്കി വിദ്യാഭ്യാസ മന്ത്രിക്ക് അയയ്ച്ചു നല്‍കുകയായിരുന്നു. ഇത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ബാലവേല ദിനത്തോടനുബന്ധിച്ച് ഏവര്‍ക്കും സന്ദേശമായി മന്ത്രി തിരഞ്ഞെടുത്തത് കൊല്ലം പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂള്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീഡിയോയും സ്‌കൂളും ചര്‍ച്ചയായതിന്റെ സന്തോഷത്തിലാണ് അധ്യാപകരെന്ന് ബിനിത ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.