കൊല്ലം- നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് ശോചനീയാവസ്ഥ; അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സ്ഥലംസന്ദര്‍ശിച്ചു, വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണാന്‍ നിര്‍ദേശം


മേപ്പയ്യൂര്‍: കൊല്ലം- നെല്ല്യാടി- മേപ്പയ്യൂര്‍ റോഡ് ശോചനീയാവസ്ഥ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സന്ദര്‍ശിച്ചു. വെള്ളക്കെട്ട് മൂലവും റോഡ് പൊട്ടിപ്പൊളിഞ്ഞതും ഉള്‍പ്പെടെ കല്ലങ്കി മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള പ്രദേശത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹം വിലയിരുത്തി.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി. ചെറിയമഴ പെയ്താല്‍കൂടി രൂപപ്പെടുന്ന വെള്ളക്കെട്ട്, ജലജീവന്‍മിഷന്‍ പണി കാരണം റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥ എന്നിങ്ങനെ നിരവധി കാരണത്താല്‍ കൊല്ലം- നെല്ല്യാടി -മേപ്പയ്യൂര്‍ റോഡ് ഗതാഗതം ഏറെ ബുദ്ധിമുട്ടിലായിരുന്നു.

വെള്ളക്കെട്ടുകൾ കാരണം റോഡ് അപകടകരമായ അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥ സംഘത്തിന് ബോധ്യപ്പെട്ടു. റോഡ് സന്ദര്‍ശിച്ച ശേഷം അധികൃതരുമായി അസിസ്റ്റന്റ് കളക്ടര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ദുരന്തനിവാരണ നിയമമനുരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വെള്ളക്കെട്ടുകള്‍ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറി കെ.പി.അനില്‍ കുമാറിന് അസിസ്റ്റന്റ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.