കൊല്ലം ജി.എം.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനിന്ന് അപകടാവസ്ഥയില്‍; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും രക്ഷിതാക്കളും


കൊല്ലം: കൊയിലാണ്ടി കൊല്ലം ജി.എം.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനിന്ന് അപകടാവസ്ഥയില്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. വെള്ളം ഒഴിഞ്ഞുപോകുവാന്‍ മറ്റ് മാര്‍ഗങ്ങളുമില്ല.

വര്‍ഷങ്ങളായി മഴക്കാലം തുടങ്ങിയില്‍ അവസ്ഥ ഇതുതന്നെയാണെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്‌കൂള്‍ മുറ്റവും കയറുന്നിടത്തും തുടങ്ങി ഗ്രൗണ്ടില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടരിക്കുന്നത്. സ്‌കൂളിലേയ്ക്ക് കുട്ടികളെ അയയ്ക്കുവാന്‍ ഭയപ്പെടുകയാണ് രക്ഷിതാക്കള്‍.

അധികൃതരെ വര്‍ഷങ്ങളായി വിവരം ബോധിപ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് അധ്യാപിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാലാം ക്ലാസ് വരെ 55 കുട്ടികളാണ് സ്‌കൂളിലുള്ളത്. സ്‌കൂളിലേയ്ക്ക് കടന്നുവരാന്‍ മറ്റുവഴികള്‍ ഉണ്ടെങ്കിലും കുട്ടികള്‍ വെള്ളത്തിലിറങ്ങി അപകടമുണ്ടാകുമോ എന്ന ഭയത്തിലാണ് അധ്യാപകരും. സദാസമയവും കുട്ടികളെ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയാണ് അധ്യാപകര്‍ക്ക്.

സമീപത്തെ പറമ്പിലേയ്ക്കും വെള്ളം ഒഴുക്കിവിടാന്‍ കഴിയില്ലെന്നും വീടുകള്‍ ധാരാളം ഉണ്ടെന്നും സമീപവാസി പറഞ്ഞു. നിലവില്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈനേജ് സംവിധാം ഒരുക്കാതെ ഗ്രൗണ്ടിലെ വെള്ളക്കെട്ടിന് പരിഹാരമാവില്ലെന്നും അധികൃതര്‍ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.