കൊളാവിപ്പാലത്ത് പുലിമുട്ട്, കോട്ടകടപ്പുറം എല്‍.പി സ്‌കൂള്‍ സംരക്ഷണം; മന്ത്രിക്ക് നിവേദനം നല്‍കി, തുടര്‍നടപടിക്ക് നിര്‍ദേശം


പയ്യോളി: കൊളാവിപ്പാലം ബീച്ചില്‍ പുലിമുട്ട് നിര്‍മാണത്തിനും കോട്ടകടപ്പുറം എല്‍.പി സ്‌കൂള്‍ സംരക്ഷണത്തിനും മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട നിവേദനം നല്‍കിയത്. ചീഫ് എന്‍ജിനീയറോട് തുടര്‍നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

കോട്ടകടപ്പുറം എല്‍.പി സ്‌കൂള്‍ സംരക്ഷണത്തിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിക്കും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിനും കാനത്തില്‍ ജമീല എം.എല്‍.എ.യുടെ നേതൃത്തില്‍ നിവേദനം നല്‍കി. പൊതുസ്ഥാപനമെന്ന നിലയില്‍ സ്‌കൂള്‍ സിആര്‍2 നിയമനടപടി സാധൂകരിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെത്തിയാണ് നിവേദനം നല്‍കിയത്.

നഗരസഭാ കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു, തീരസംരക്ഷണ സമിതി ഭാരവാഹികളായ കെ.ടി.കേളപ്പന്‍, വി.കെ.വിജീഷ്, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.