അപകടങ്ങള്‍ പതിയിരിക്കുന്ന കൊയിലാണ്ടി സ്റ്റേഡിയം; കായികതാരങ്ങളുടെ സുരക്ഷയെവിടെ?, ആരോട് പരാതി പറയും!


കൊയിലാണ്ടി: മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ കൊയിലാണ്ടി സ്‌റ്റേഡിയം നശിക്കുന്നു. അപകട ഭീഷണിയുയര്‍ത്തി കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗേറ്റുകളും ചുറ്റുമതിലും. സ്റ്റേഡിയത്തിന് ചുറ്റുമായുള്ള നാല് ഗേറ്റുകളാണ് തുരുമ്പ് പിടിച്ച് ഏതുനിമിഷവും വീഴാവുന്ന നിലയിലുള്ളത്. വിദ്യാര്‍ത്ഥികളടക്കം ദിവസേന നൂറുകണക്കിനാളുകള്‍ എത്തുന്ന സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ് കയറിട്ട് കെട്ടി വച്ച നിലയിലും ചാരിവെച്ച നിലയിലുമാണുള്ളത്. ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തായുള്ള ഗേറ്റ് മതിലിനോട് ചാരിവെച്ച് ഉറപ്പിച്ച നിലയിലാണുള്ളത്.

പടിഞ്ഞാറ് ഭാഗത്തായി മില്‍മ ബൂത്തിന് സമീപമുള്ള ഗേറ്റും രണ്ട് ഭാഗത്തും കയറുകൊണ്ട് മതിലുമായി ഘടിപ്പിച്ചിരിക്കുകയാണ്. ഇതും തുരുമ്പ് പിടിച്ച് ഏത് നിമിഷവും വീഴുമെന്ന നിലയിലാണ്. പി.ടി പിരിയഡ് സമയങ്ങളില്‍ എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ ഈ ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേയ്ക്ക് കടക്കുന്നത്.

അഞ്ച് വര്‍ഷത്തിലേറെയായി ഗേറ്റുകള്‍ നശിച്ചിട്ട്. സ്റ്റേഡിയത്തില്‍ പരിപാടി നടക്കുമ്പോള്‍ ഗേറ്റുകള്‍ സൈഡിലേയ്ക്ക് മാറ്റിവെയ്ക്കുകയും വീണ്ടും പഴപടി മറിച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. വെയ്ക്കുന്നതാകട്ടെ അപകടാവസ്ഥയിലും. സ്‌കൂളിന് സമീപത്തായി വടക്കുഭാഗത്തുള്ള വലിയ ഗേറ്റ് മതിലിനോട് ചേര്‍ന്ന് ചാരിവെച്ചതിനാല്‍ ഇതിനിടയിലൂടെയുള്ള ഒഴിവിലൂടെയും വിദ്യാര്‍ത്ഥികള്‍ സ്‌റ്റേഡിയത്തിലേയ്ക്ക് കടക്കുന്നു. ഇത് ഏറെ അപകടകരമാണ്. ഗേറ്റിന് സമീപത്തായി റോഡിലൂടെ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകളാണ് പോകുന്നത്. ഗേറ്റിന് മതിയായ സുരക്ഷ ഉറപ്പുവരുത്താത്തതിനാല്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.

സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തായി തന്നെ വീഴാവുന്ന നിലയില്‍ ഒരുമരവും സ്ഥിതിചെയ്യുന്നുണ്ട്. പകുതിയിലേറെയും ഉണങ്ങിയ നിലയിലുള്ള ഈ മരത്തിന്റെ ചില്ലകള്‍ ഏതുനിമിഷവും ആരുടെയെങ്കിലും ദേഹത്ത് വീഴാവുന്ന നിലയിലാണ്. ചൂട് കൂടിയ സാഹചര്യത്തില്‍ ഈ മരത്തിന്റെ അടിയില്‍ വിദ്യാര്‍ത്ഥികളും കളിയ്ക്കുവാനായി എത്തുന്നവരും കാണാന്‍ എത്തുന്നവരും തണല്‍ തേടി മരത്തിന്റെ അടിയില്‍ ഇരിക്കാറുണ്ട്. ഇത് ഏറെ അപകടഭീഷണി ഉയര്‍ത്തുന്നു.

ഫയര്‍ സ്റ്റേഷന് സമീപത്തായുള്ള ഗേറ്റിന്റെയും അവസ്ഥയും കണക്കുതന്നെ. ഫയര്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള 3 മീറ്റര്‍ ഉയരത്തിലുള്ള മതിലും അപകടാവസ്ഥയിലാണ്. സമീപത്തെ പേരാല്‍ മരത്തിന്റെ വേര് ഇറങ്ങി മതില്‍ വിണ്ടുകീറിയിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് പൊട്ടിപൊളിഞ്ഞ് ഒരുമഴ പെയ്താല്‍ വെള്ളമിറങ്ങി ഏത്സമയത്തും വീഴാമെന്ന അവസ്ഥയിലാണ്.

കിഴക്ക് ഭാഗത്ത് ഗ്യാലറിയുടെ പിറക് വശത്തായാണ് ബാത്‌റൂം സ്ഥിതി ചെയ്യുന്നത്. ഫയര്‍‌സ്റ്റേഷന് സമീപത്തുകൂടെയായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ബാത്‌റൂമിലേയ്ക്ക് കടക്കുന്നത്. ബാത്‌റൂമിന്റെ സ്ഥിതിയും പരിതാപകരമാണ്. വാതിലുകളും ജനാലകളും തകര്‍ന്ന നിലയില്‍ മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ സുരക്ഷയില്ലാത്ത നിലയിലാണുള്ളത്. തെക്ക് ഭാഗത്തുള്ള ഗേറ്റും ഇതേ സ്ഥിതിയാണുള്ളത്. മതിയായ സുക്ഷയില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി സ്റ്റേഡിയം മാറിയിട്ടുണ്ട്.

കേരളോത്സവം, സബ്ജില്ലാ മത്സരം, ഫുട്‌ബോള്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന നിരവധി മത്സരങ്ങള്‍ക്ക് വേദിയായ സ്ഥലമായതിനാല്‍ സുരക്ഷാഭീഷണി നേരിടുന്നത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. സ്‌റ്റേഡിയത്തിനോടുള്ള അധികാരികളുടെ അനാസ്ഥ കാരണം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്. 2024 ല്‍ ആണ് ലഹരി ഉപയോഗിച്ച് ഒരു യുവാവ് സ്‌റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാട്ടക്കരാര്‍ കഴിഞ്ഞ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്നും സ്‌കൂളിന് വിട്ടുനല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായി ഉയരുന്നുണ്ട്. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സ്‌റ്റേഡിയ്തതില്‍ യാതൊരു പുരോഗതിയും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല.