ശരീരം കാട്ടുന്ന ഈ സൂചനകള്‍ വൃക്ക തകാറിലാണ് എന്നതിന്റെ ലക്ഷണങ്ങളാവാം; അവഗണിക്കാതെ ചികിത്സ ഉറപ്പാക്കാം


രുവൃക്കകളും തകരാറിലായി അപകടാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തുടക്കത്തില്‍ രോഗം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല. തുടക്കത്തിലേ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അപകടാവസ്ഥയിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാവും. വൃക്ക തകാറിലായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും, അവയെ നിസാരമായി കാണാതെ ഡോക്ടറെ കാണുകയും പരിശോധനകളിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്.

മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും എന്നിവയെല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.

വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തില്‍ പത കാണുന്നത്. മൂത്രത്തില്‍ അമിതമായ കുമിളകള്‍ അല്ലെങ്കില്‍ പത കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ രക്തത്തില്‍ വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. കിഡ്നി ഡിസോര്‍ഡര്‍ ബാധിച്ച ഒരു രോഗിക്ക് ക്ഷീണം, ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.

എപ്പോഴും തണുപ്പ് തോന്നുതും വൃക്കയുടെ ആരോഗ്യക്കുറവിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം.