പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആരോഗ്യ സംരക്ഷണം എന്തിന്? കര്‍ക്കടക ചികിത്സയുടെ പ്രധാന്യമെന്തെന്നറിയാം


വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കര്‍ക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിര്‍ത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കര്‍ക്കടക ചികിത്സ നിഷ്‌ക്കര്‍ഷിക്കുന്നത്.

ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മങ്ങളില്‍ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കര്‍ക്കടക ചികിത്സയില്‍ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചില്‍, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കര്‍ക്കിടക ചികിത്സ.

ന്മ ഔഷധ കഞ്ഞി- വളരെ വേഗം ദഹിക്കുന്നതും ശരീരത്തിനു ഹിതവുമായ ഒന്നാണ് കഞ്ഞി. ആവശ്യത്തിനു ജലാംശം നിലനിര്‍ത്തി വേണ്ടുന്ന അന്നജവും പോഷകവും നല്‍കുന്നതാണ് കഞ്ഞി. അതിനായി ഞവര അരി, പഞ്ചക്കോലം, ഇന്ദുപ്പ്, ദശമൂലം, ദശ പുഷ്പം എന്നിവ ശരീര പ്രകൃതി അനുസരിച്ച് സേവിക്കുക. സ്വാദ് കൂട്ടാന്‍ തേങ്ങാപ്പാല്‍, ശര്‍ക്കര മുതലായത് യുക്തിപോലെ ചേര്‍ക്കുകയും ആവാം.

പഞ്ചകര്‍മ ചികിത്സ

ആയുര്‍വേദത്തില്‍ പഞ്ച കര്‍മം എന്നാല്‍ പ്രധാന ചികിത്സയാണ്. വമനം, വിരേചനം, വസ്തി, നസ്യം, രക്ത മോക്ഷം എന്നീ 5 കര്‍മങ്ങള്‍ ശരീരത്തിന് ദോഷ സാമ്യം ഉണ്ടാക്കുന്ന പ്രധാന കര്‍മങ്ങളാണ്. ഇവ ശരീര പ്രകൃതി, രോഗാവസ്ഥ കണക്കാക്കി യുക്തിപൂര്‍വം പരിജ്ഞാനമുള്ള ഒരു വൈദ്യന്റെ മേല്‍നോട്ടത്തില്‍ ചെയ്യേണ്ടതാണ്. മറിച്ചായാല്‍ വിപരീത ഫലം തീര്‍ച്ച. ഈ പ്രാധാന കര്‍മങ്ങള്‍ക്ക് മുന്നോടിയായി ചില പൂര്‍വ കര്‍മങ്ങള്‍ ചെയ്യണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

സ്‌നേഹനം (എണ്ണ തേപ്പ്) സ്വേദനം, (വിയര്‍പ്പിക്കല്‍) എന്നീ രണ്ട് പൂര്‍വ കര്‍മങ്ങളുടെ പല തരം ക്രിയാ ഭേദങ്ങള്‍ മാത്രാമാണ് നമ്മള്‍ ഇന്ന് കാണുന്ന പഞ്ചകര്‍മം എന്ന് വിശ്വസിക്കുന്ന ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയും ഇലക്കിഴിയുമെല്ലാം. രക്ത ചംക്രമണം ത്വരിതപെടുത്തി മാംസ പേശികള്‍ക്ക് ദൃഢത നല്‍കുന്ന ഈ പൂര്‍വകര്‍മങ്ങള്‍ പഥ്യമാചരിച്ച് ചെയ്താല്‍തന്നെ വേണ്ട പ്രയോജനം ലഭിക്കും എന്നതുകൊണ്ട് ഈ ചികിത്സകള്‍ക്ക് കര്‍ക്കടക മാസത്തില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നു.