വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെയും പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കെ.കെ.ശൈലജ ടീച്ചര്‍; കൊയിലാണ്ടിയിലെ പര്യടനം പുരോഗമിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടുതേടി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. ഇന്ന് രാവിലെ കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിലാണ് പ്രചരണം ആരംഭിച്ചത്. ഹാര്‍ബറിലെ തൊഴിലാളികളെയടക്കം കണ്ട് ശൈലജ ടീച്ചര്‍ വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കെ.ബാവയുടെ വീട് സന്ദര്‍ശിച്ചു.

പി.കെ.കെ.ബാവ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു. കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും ദഫ്മുട്ട് കുലപതിയുമായ ഉസ്താദ് കോയ കാപ്പാടിനെ വീട്ടിലെത്തി കണ്ടു. കാപ്പാടുനിന്നും വെങ്ങളത്തേക്കാണ് പോയത്. അവിടെ ചില വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.

കാഞ്ഞിലശ്ശേരി ക്ഷേത്രം, പൊയില്‍ക്കാവ് എന്നിവിടങ്ങളിലെ വോട്ടഭ്യര്‍ത്ഥനയ്ക്കുശേഷം ചെങ്ങോട്ടുകാവില്‍ സഖാവ് ഗോപാലന്‍കുട്ടി രകത്സാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു, മേലൂര്‍ കാരയില്‍ ഭാഗത്ത് പ്രവര്‍ത്തകരെ കണ്ടശേഷം നടേരിയിലെ പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഇവിടെ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി പി.കെ.ശങ്കരന്റെ വീട്ടിലെത്തി.

കൊയിലാണ്ടിയിലെ സന്നദ്ധ സാമൂഹിക സേവന ഗ്രൂപ്പായ നെസ്റ്റിന്റെ പെരുവട്ടൂരിലെ ഓഫീസിലെത്തി ശൈലജ ടീച്ചര്‍ വോട്ടു ചോദിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനായി കൊയിലാണ്ടിയിലെത്തി. ഭക്ഷണശേഷം കൊയിലാണ്ടി മണ്ഡലത്തിലെ കിഴക്കന്‍ മേഖലകളിലായിരുന്നു പര്യടനം.