‘പൈസ കൂടിയാലും വേണ്ടില്ല, പി.പി.ഇ കിറ്റ് വാങ്ങണമെന്ന തീരുമാനമാണ് അന്ന് ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്.” കൊവിഡ് കള്ളി ആരോപണത്തില്‍ മറുപടിയുമായി കെ.കെ.ശൈലജ


വടകര : കൊവിഡ് കള്ളിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് ജനങ്ങൾ മറുപടിയുമായി വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർതഥി കെ കെ ശെെലജ ടീച്ചർ. പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്നും, കൊവിഡ് കള്ളി, പോരാടി പോരാടി കിറ്റിൽ അഴിമതി തുടങ്ങിയ തെറ്റായ പ്രചരണങ്ങൾക്കുമാണ് ശൈലജ ടീച്ചർ മറുപടി നൽകിയത്.

പി പി ഇ കിറ്റ് മാർക്കറ്റിൽ കിട്ടാനില്ലാത്ത രണ്ട് മാസമുണ്ടായിരുന്നു. ആ സമയത്ത് കിറ്റിന് വലിയ വിലയായിരുന്നു. രോഗം സ്ഥിരീകരിക്കുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് പി പി കിറ്റ് നൽകാനായില്ലെങ്കിൽ അവർക്കും രോഗം വരുന്ന സാഹചര്യമായിരുന്നു.

ഗുണനിലവാരമുള്ള കിറ്റിന് അപ്പോൾ1500 രൂപയായിരുന്നു . 50,000 കിറ്റ് വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും 15,000 കിറ്റ് മാത്രമാണ് വാങ്ങിക്കാൻ സാധിച്ചത്. കിട്ടിയത് വാങ്ങി ആരോഗ്യപ്രവർത്തകർക്ക് നൽകിയതിനാലാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും അതുവഴി കുറേ രോഗികളുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചത്. അതിനാണ് 1500 രൂപയ്ക്ക് കിറ്റ് വാങ്ങിയെന്ന തരത്തിൽ തെറ്റായ പ്രചരണം നടത്തുന്നത്.

ആ സമയത്ത് കിറ്റ് വാങ്ങിയിരുന്നില്ലായെങ്കിൽ എത്ര ജീവൻ നഷ്ടപ്പെടുമായിരുന്നു. അത് ഈ നാട്ടിലെ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അറിയാം. പെെസ കൂടിയാലും വേണ്ടില്ല, കിറ്റ് വാങ്ങണമെന്ന തീരുമാനമാണ് അന്ന് ജീവൻ രക്ഷിക്കാൻ സഹായകമായത്. ഞാൻ ഒറ്റയ്ക്കല്ല, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

കിറ്റ് മാർക്കറ്റിൽ ലഭ്യമായതോടെ വിലയും കുറഞ്ഞു. പിന്നീടുള്ള മാസങ്ങളിൽ കുറഞ്ഞ നിരക്കിലാണ് വാങ്ങിയത്. 1500 രൂപയ്ക്ക് പകരം, 800, 500 രൂപയ്ക്കും സർക്കാർ കിറ്റ് വാങ്ങിയിരുന്നു. അന്ന് ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകിയത്. ഇന്ന് ആരോപണം ഉന്നയിക്കുന്നവർക്ക് 1500 രൂപയ്ക്ക് കിറ്റ് വാങ്ങരുതെന്ന് ആപ്പോൾ പറയാമായിരുന്നില്ലെയെന്നും ശൈലജ ടീച്ചർ ചോദിച്ചു.

കൂടുതൽ പ്രോട്ടക്ഷൻ ആവശ്യമുള്ളതിനാൽ വില കുറഞ്ഞതോ, ഗുണമേമ്മ കുറഞ്ഞതോ വാങ്ങാൻ സാധ്യമല്ലായിരുന്നു. നൂറ് രൂപയുടെ പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി കൊടുത്താൽ മതിയായിരുന്നോ?. കൂടുതൽ ഗുണമേന്മയുള്ള കിറ്റ് വാങ്ങിയാൽ മാത്രമാണ് രോഗം പകരുന്നത് തടയാൻ സാധിക്കുയുള്ളു. ഇതിന് വളരെ കൃത്യമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണ്.

ഞങ്ങൾ പ്രവർത്തിച്ചത് ജനങ്ങളുടെ മനസിലുണ്ട്. എന്നിട്ടും ഇത്തരത്തിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയാൽ പൊതുജനം അതിന് മറുപടി നൽകും. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചത്. അതിന് തെറിവിളി കേൾക്കേണ്ടി വന്നാൽ കക്ഷി രാഷ്ട്രീയത്തിൽ അധീതതമായി കേരളത്തിലെ ജനങ്ങൾ അതിനെതിരെ പ്രതികരിക്കുമെന്നും ടീച്ചർ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവെച്ചത്. രോഗം സ്ഥിരീകരിച്ചത് മുതൽ ചിട്ടയായ പ്രതിരോധ പ്രവർത്തനമാണ് കേരളത്തിൽ നടത്തിയത്. അതിനാൽ തന്നെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയർന്നപ്പോൾ കേരളത്തിൽ അത് പിടിച്ചു നിർത്താൻ സാധിച്ചു. കൂടാതെ മറ്റിടങ്ങളിൽ ധാരാളം ആരോഗ്യ പ്രവർത്തകരെ കൊവിഡ് കവർന്നപ്പോഴും കേരളത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുറവായിരുന്നു.