കേരളത്തിന്റെ വിപ്ലവ നക്ഷത്രം വി.എസ്‌. അച്യുതാനന്ദന്‌ ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍; ആശംസകൾ


കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ്‌ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ്‌ ഇപ്പോൾ വിശ്രമത്തില്‍ കഴിയുന്നത്. പൂര്‍ണ വിശ്രമത്തിലാണെങ്കിലും ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവ്. കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തത് കൊണ്ടാകണം, ഒന്നിനോടും അയാള്‍ സമരസപ്പെട്ടില്ല. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരളജനതയുടെ മനസിലിടം നേടി. 2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്ബോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും ഇന്ന് കാതോര്‍ക്കുന്നുണ്ടാകും. സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്‌, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍, സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20 നായിരുന്നു ജനനം. 1939-ല്‍ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന അച്യുതാനന്ദന്‍ 1940ല്‍ പതിനേഴാം വയസിലാണു കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അംഗമായത്‌. പുന്നപ്ര- വയലാര്‍ സമര നായകനായി ചരിത്രത്തില്‍ ഇടം നേടി. സി.പി.ഐ. നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോയി സി.പി.എം. രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവും അദ്ദേഹമാണ്‌. Summary: Kerala’s revolutionary star Comrade V.S. Today is Achuthanandan’s 101st birthday; Greetings