മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, കൊയിലാണ്ടി ട്രഷറി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക; ട്രഷറിയ്ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയുമായി കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി


കൊയിലാണ്ടി: കൊയിലാണ്ടി ട്രഷറിയ്ക്ക് മുന്‍പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡന്റ് എടത്തില്‍ ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക പി.എഫ്.ആര്‍.ഡി.എ നിയമം റദ്ദു ചെയ്യുക, സ്റ്റാറ്റിയുറ്ററി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുക, 20 വര്‍ഷ സര്‍വീസ് ഉള്ളവര്‍ക്ക് പൂര്‍ണ്ണ പെന്‍ഷന്‍ അനുവദിക്കുക, എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് മറ്റു പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ക്കൊപ്പം കൊയിലാണ്ടി ട്രഷറി നിര്‍മ്മാണം ഉടന്‍ ആരംഭിക്കാണമെന്നും ആവിശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് എന്‍ കെ.കെ മാരാര്‍ അധ്യക്ഷത വഹിച്ചു. ടി. സുരേന്ദ്രന്‍ മാസ്റ്റര്‍, വി.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പി. ദാമോദരന്‍ മാസ്റ്റര്‍, ഇ. ഗംഗധരന്‍ നായര്‍, ചേനോത്ത് ഭാസ്‌കരന്‍, പി.കെ ബാലകൃഷ്ണന്‍ കിടവ്, ഓ. രാഘവന്‍ മാസ്റ്റര്‍, ടി.പി രാഘവന്‍, പി.എന്‍ ശാന്തമ്മ ടീച്ചര്‍, സി. രാധ, സി. രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.