നിഷേധിക്കപ്പെട്ട റെയില്‍വേ ആനുകൂല്യം പുനഃസ്ഥാപിക്കുക, വയോധികര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക’; കൊയിലാണ്ടിയില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം ചേര്‍ന്നു


കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനവും കൗണ്‍സില്‍ മീറ്റിംഗും കൊയിലാണ്ടിയില്‍ വെച്ച് സംഘടിപ്പിച്ചു. കൈരളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വക്കേറ്റ് .കെ സത്യന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവകാശപ്പെട്ട ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക. നിഷേധിക്കപ്പെട്ട റെയില്‍വേ ആനുകൂല്യം പുനഃസ്ഥാപിക്കുക, വയോധികര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക. ക്ഷേമ പെന്‍ഷന്‍ മാസാന്തം കുടിശ്ശികയില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.

യോഗത്തില്‍ സംഘടനയില്‍ 25 വര്‍ഷത്തിലേറെക്കാലം സേവനം അനുഷ്ഠിച്ച പൂതേരി ദാമോദരന്‍ നായര്‍, മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഉണ്ണീരിക്കുട്ടി കുറുപ്പ്, മുന്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.കെ. കുഞ്ഞിച്ചെക്കിണി എന്നിവരെ സംഘടനയുടെ മുതിര്‍ന്ന നേതാവ് എം.കെ. സത്യപാലന്‍ മാസ്റ്റര്‍ ആദരിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍ സ്വാഗതം പറഞ്ഞു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ചാത്തു മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. ബാലന്‍ കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയുടെ നാനാ ഭാഗത്തും ഉള്ള 160 യൂണിറ്റ് കളില്‍ നിന്നും എഴുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. സ്റ്റേഡിയത്തിന് മുന്നില്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതാണ് പ്രകടനം നടത്തിയത്. തുടര്‍ന്ന് വയോജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.