‘കേരളത്തിൽ വർദ്ധിച്ചുവരുന്ന വയോജന പീഡനങ്ങളിലും സ്ത്രീ പീഡനങ്ങളിലും ഉൽക്കണ്ഠ’; കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം മേപ്പയൂരിൽ
മേപ്പയ്യൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം മേപ്പയൂർ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗം പൂതേരി ദാമോദരൻ നായർ ഉൽഘാടനം ചെയ്തു. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.
യൂണിറ്റ് തലം മുതൽ ജില്ലാ തലം വരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും അതിന് നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റിയും യോഗം വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി.ബാലൻ കുറുപ്പിനേയും സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ടി.ബാലകൃഷ്ണനേയും തെരഞ്ഞെടുക്കപ്പെട്ട മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.രാമചന്ദ്രൻ നായർ, സി.രാധാകൃഷ്ണൻ, സോമൻ ചാലിൽ, ബാലൻ കേളോത്ത് എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു.
ഇരുപതിലധികം അംഗങ്ങൾ തങ്ങളുടെ ചുമതലയിലുള്ള യൂണിറ്റ് കാര്യങ്ങളും തങ്ങളുടെ യൂണിറ്റിലെ പ്രവർത്തനങ്ങളും വിശദീകരിച്ചു. യൂണിറ്റ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി മുപ്പതിലധികം പേർക്ക് ചുമതല നൽകി. മെയ് 15 നുള്ളിൽ എല്ലാ യൂണിറ്റുകളിലും മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കാനും തെരഞ്ഞെടുപ്പ് നടത്താനും മെയ് മാസത്തിൽ തന്നെ പുതിയ ജില്ലാ കൗൺസിൽ യോഗം ചേരാനും തീരുമാനിച്ചു.
സാക്ഷര കേരളത്തിൽ വർദ്ധിച്ചുവരുന്ന വയോജന പീഡനങ്ങളിലും സ്ത്രീ പീഡനങ്ങളിലും യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി.