”വനിതകള്‍ക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്‌കാരിക കേരളത്തിന് മാനക്കേട്”; ചെങ്ങോട്ടുകാവ് നടന്ന വനിതാ ഫോറം കണ്‍വന്‍ഷനില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം


കൊയിലാണ്ടി: വനിതകള്‍ക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്‌കാരിക കേരളത്തിന് മാനക്കേടാണെന്നും, മറ്റെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ആശാസ്യമല്ലാത്ത പ്രവണത കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോഴിക്കോട് ജില്ലാ വനിതാ ഫോറം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദാ ആശ്രമം സ്‌കൂള്‍ ഹാളില്‍ നടന്ന വനിതാ സംഗമവും ഇ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണവും വമ്പിച്ച വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.

രണ്ടു സെഷനുകളായി നടന്ന യോഗത്തില്‍ സംഘടനയുടെ സംസ്ഥാന നേതാക്കളായ പി. കുമാരന്‍ ( സംസ്ഥാന ജനറല്‍ സെക്രട്ടറി) വൈസ് പ്രസിഡന്റ്മാരായ കെ. വി. ബാലന്‍ കുറുപ്പ് , റിട്ട. മേജര്‍ ജനറല്‍ ടി. പത്മിനി, ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കര്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍, വൈസ് പ്രസിഡന്റ് കെ.കെ. ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി കെ. പി. വിജയ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഗിരിജാ ഭായ്, ശ്യാമള ടീച്ചര്‍, പ്രേമി ടീച്ചര്‍, മുന്‍ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍, ട്രഷറര്‍ പി.വി. പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ സംഗീത അധ്യാപകന്‍ പാലക്കാട് പ്രേം രാജ് മാസ്റ്റര്‍ , ഇ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രതിഭ എം നാരായണന്‍ മാസ്റ്റര്‍, ജ്യുഡീഷ്യല്‍ വകുപ്പില്‍ നിന്നും മികച്ച സേവനത്തിനുള്ള ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ച കൊയിലാണ്ടി മുന്‍സിഫ് കോടതി ജീവനക്കാരി പി. ടി. ലീലാവതി എന്നിവരെ ആദരിച്ചു.

സംഘടനയുടെ സംഗീത സായന്തനം ഗ്രൂപ്പ് അംഗങ്ങള്‍ പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചു.
പുതിയ വര്‍ഷത്തിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ശ്രീമതി ഗിരിജാ ഭായ്, ഉള്ള്യേരി, സെക്രട്ടറി ശ്രീമതി കെ.പി. വിജയ, ട്രഷറര്‍ ശ്രീമതി നളിനി നല്ലൂര്‍.

Summary:Kerala Senior Citizens Forum Women’s Forum Convention held at Chengottukav