കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവിന് കൊയിലാണ്ടിയുടെ ആദരം; കല്‍പ്പറ്റ നാരായണന്‍ അനുഭവങ്ങളെ വാക്കുകളില്‍ കുറുക്കിയെടുത്ത കവിയെന്ന് സുനില്‍ പി.ഇളയിടം


കൊയിലാണ്ടി: അനുഭവങ്ങളെ വാക്കുകളില്‍ കുറുക്കിയെടുത്ത എഴുത്തുകാരനാണ് കല്പറ്റ നാരായണനെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടം. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കല്പറ്റ നാരായണന് ശ്രദ്ധ സാമൂഹ്യപാഠശാല നല്കിയ ആദരവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന് അദ്ദേഹം.

കവിതയില്‍ മാത്രമല്ല ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഈ സവിശേഷത അദ്ദേഹം സ്വീകരിക്കുന്നതായി കാണാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് വി.ടി. മുരളി ശ്രദ്ധയുടെ ഉപഹാരം നല്കി. ചടങ്ങില്‍ വിജയരാഘവന്‍ ചേലിയ അദ്ധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ്, ടി.ടി ഇസ്മയില്‍, അജയ് ആവള, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ശിവദാസ് പൊയില്‍ക്കാവ്, എന്‍.വി.ബിജു എന്നിവര്‍ സംസാരിച്ചു.

മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രദ്ധ നിര്‍വ്വാഹ സമിതിഅംഗം കെ.ശാന്ത സ്വാഗതവും കണ്‍വീനര്‍ എന്‍.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി കല്പറ്റ നാരായണന്റെ ഒരു പുക കൂടി എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം മൊഹബത്ത് കെ.എസ്.മണി എന്നിവര്‍ നടത്തി. ചടങ്ങില്‍ കല്പറ്റ നാരായണന്‍ മറുമൊഴി നടത്തി.