‘സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ വര്‍ദ്ധിപ്പിച്ച മിനിമം വേതനം ഉടന്‍ നടപ്പിലാക്കുക’; കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പൊതുവിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ വര്‍ദ്ധിപ്പിച്ച മിനിമം വേതനം ഉടന്‍ നടപ്പിലാക്കുക, ഓണ്‍ലൈന്‍ മരുന്ന് വില്‍പനയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങളും കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചു

സംസ്ഥാനത്തെ രോഗാതുരത നില ആശങ്കപ്പെടുത്തും വിധം കൂടുന്നതിന് മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ ഒരു കാരണമായി തീരുന്നുണ്ടെന്നും ജനറിക് മരുന്നുകളെന്ന ലേബലില്‍ ദിനം പ്രതി വിപണിയിലെത്തുന്ന മരുന്നുകളുടെ ക്വാളിററി ടെസ്റ്റ് കര്‍ശനമായി നടപ്പാക്കാത്തതും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളുടെ അപര്യാപ്തതയും സബ് സ്റ്റാന്‍ഡേര്‍ഡ് മരുന്നുകളുടെ വ്യാപനത്തിനിടയാക്കുന്നുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് എന്നും ഫാര്‍മസിസ്റ്റ് സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.


ജില്ലാ കണ്‍വെന്‍ഷന്‍ എം.എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. എസ്ഡി സലീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഹമൂദ് മൂടാടി അദ്ധ്യക്ഷത വഹിച്ചു. ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഒ. സി നവീന്‍ ചന്ദ്, ഫാര്‍മസി കൗണ്‍സില്‍ എക്‌സ്‌കൂടിവ് അംഗം ടി. സതീശന്‍, അജിത് കിഷോര്‍ തൃശൂര്‍, കെ.പി.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ബാലകൃഷ്ണന്‍, സംസ്ഥാന പ്രസിഡണ്ട് യോഹന്നാന്‍ക്കുട്ടി, ഫാര്‍മസി കൗണ്‍സില്‍ അംഗം കെ.ടി.വി. രവീന്ദ്രന്‍, ഷിജി ജേക്കബ് കോട്ടയം, അന്‍സാരി കൊല്ലം, അജിത്കുമാര്‍ ആലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സിക്രട്ടറി എം. ജിജീഷ് നന്ദി പറഞ്ഞു.