കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു വരുന്നു; ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ച് കേരളാ പൊലീസ്
തിരുവനന്തപുരം: കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ച് കേരളാ പൊലീസ്. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് ഇട്ടിരിക്കുക്കുന്നത്. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷനാണ് സെന്റർ ആരംഭിച്ചത്.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസിലിങിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കൾക്കുൾപ്പെടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. 2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ 144 കുട്ടികൾക്ക് കൗൺസിലിങ് നൽകി. സമൂഹത്തിന്റെ വിവിധ മേഖലകളിലായി 42 ഓളം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
കൊച്ചി സിറ്റിയിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രധാന സെന്റർ പ്രവർത്തിക്കുന്നത്. നഗര പരിധിയിൽ നിന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സെൻട്രൽ പൊലീസ് സ്റ്റേഷനോട് ചേർന്ന് ഒരു സബ് സെന്ററും ആഴ്ചയിൽ രണ്ട് ദിവസം എന്ന ക്രമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഡി-ഡാഡ് സെന്ററിലെ ഫോൺ നമ്പരിൽ (9497975400) വിളിച്ച് അപ്പോയിൻമെന്റ് എടുക്കാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ സൈക്കോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നതാണ്.