വാക്ക് പറഞ്ഞാല്‍ വാക്ക്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തില്‍ തോറ്റ തിരുവമ്പാടിയിലെ കേരള കോണ്‍ഗ്രസ് നേതാവ് തല മൊട്ടയടിച്ചു
തിരുവമ്പാടി: അങ്ങ് തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മിന്നുന്ന വിജയം നേടിയപ്പോള്‍ തിരുവമ്പാടിയിലെ കേരള കോണ്‍ഗ്രസ് നേതാവിന് നഷ്ടമായത് സ്വന്തം മുടി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തില്‍ തോറ്റതോടെ കേരള കോണ്‍ഗ്രസ് കര്‍ഷക യൂണിയന്‍ (ബി) നേതാവ് പൊന്നാങ്കയം സ്വദേശി ബേബി മണ്ണംപ്ലാക്കലാണ് തല മൊട്ടയടിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പള്ളിപ്പടി തോട്ടുമുഴി കിഴക്കേപ്പറമ്പില്‍ ഷിനോജ് തോമസിനോടാണ് അദ്ദേഹം പന്തയംവെച്ചിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പരാജപ്പെടുത്തുമെന്നായിരുന്നു പന്തയം.
ഉമാ തോമസ് പരാജയപ്പെട്ടാല്‍ ഷിനോജും തല മുണ്ഡനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിര്‍ബന്ധമൊന്നും കൂടാതെതന്നെ ബേബി മണ്ണംപ്ലാക്കല്‍ പന്തയവാഗ്ദാനം പാലിക്കുകയായിരിന്നു.

പന്തയത്തില്‍ പരാജയപ്പെട്ട കേരള കോണ്‍ഗ്രസ് (ബി) നേതാവ് മണ്ണംപ്ലാക്കല്‍ ബേബി പന്തയത്തില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേപ്പറമ്പില്‍ ഷിനോജിനൊപ്പം.