കൊയിലാണ്ടി നഗരസഭയുടെയും കേരള ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ ക്യാമ്പെയിൻ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും കേരള ബാങ്ക് കൊയിലാണ്ടി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ ക്യാമ്പെയിൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.സിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെ പാട്ട് അധ്യക്ഷതവഹിച്ചു.

സർക്കാറിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി മറ്റ് സാമ്പത്തിക സാധ്യതകൾ പരമാവധി ഉപയോഗിച്ച് കുടുംബശ്രീകൾ തനത് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് സാമ്പത്തിക സാക്ഷരതാ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

കോവിഡാനന്തര കാലത്തെ സാമ്പത്തിക മേഖലയിലുള്ള മരവിപ്പിനെ മുറിച്ചു കടക്കാനും ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരമാവധി ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുക എന്ന സർക്കാരിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാനും ഇതുവഴി സാധിക്കും.

കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഐ.കെ.വിജയൻ പദ്ധതി വിശദീകരണം നടത്തി. പ്രീത, ഹരിത എന്നിവർ കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസെടുത്തു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര, ഏരിയ മാനേജർ പി.കെ.സുരേഷ്, കേരള ബാങ്ക് കൊയിലാണ്ടി ശാഖാ മാനേജർ സന്തോഷ് ടി, സി.ഡി.എസ് ചെയർപേഴ്സൺ വിപിന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ നന്ദി രേഖപ്പെടുത്തി.