ക്ഷേമനിധി കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ നൽകുക, സെസ് പിരിവിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കുക; വിവിധ ആവശ്യങ്ങളുന്നയിച്ച് മേലടി സബ്ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കേരള ആർട്ടിസാൻസ് യൂണിയൻ


മേലടി: നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് നൽകുക, ക്ഷേമനിധി കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ താലൂക്കടിസ്ഥാനത്തിൽ മേലടി സബ്ട്രഷറി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ ട്രഷററും സംസ്ഥാന കമ്മറ്റി അംഗവുമായ എം.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധി കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ നൽകുക, പാറ – മണൽ – ചെങ്കൽ ശേഖരിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ് പിരിവ് ഉടൻ ആരംഭിക്കുക, സെസ് പിരിവിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കുക, നിർമ്മാണ അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, നിർമ്മാണ ക്ഷേമനിധി പെൻഷൻ കേന്ദ്രസർക്കാർ ഏറ്റെടുക്കുക എന്നിവയാണ് യൂണിയൻ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍.

ജില്ലാ കമ്മറ്റി അംഗം കെ.ബാബു അധ്യക്ഷനായി. സി.ഐ.ടി.യു പയ്യോളി ഏരിയ സെക്രട്ടറി കെ.കെ പ്രേമൻ, പി.വി രാമചന്ദ്രൻ മാസ്റ്റർ, എൻ.എം ബാലൻ, കെ.കുഞ്ഞികൃഷ്‌ണൻ, മിനി ഭഗവതിക്കണ്ടി എന്നിവർ സംസാരിച്ചു. എ.കെ ഷൈജു സ്വാഗതവും വി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Description: Kerala Artisans Union marched to Meladi Subtreasury office with various demands