‘സാംസ്‌കാരികോത്സവങ്ങള്‍ സാഹോദര്യം ഊട്ടി ഉറപ്പിക്കും’; ആഘോഷമാക്കി കീഴരിയൂര്‍ സെക്കുലര്‍ ഫെസ്റ്റ്


കീഴരിയൂര്‍: കീഴരിയൂര്‍ ഫെസ്റ്റ് സെക്കുലര്‍ ഫെസ്റ്റ് നടന്നു. ഷാഫി പറമ്പില്‍ എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വിഭാഗീയതകളില്ലാതെ ജനങ്ങളെ ഒരുമിപ്പിക്കാനും മനുഷ്യ മനസില്‍ സാംസ്‌കാരക ബോധം വളര്‍ത്തി സാഹോദര്യത്തെ ഊട്ടി ഉറപ്പിക്കാനും ജനകീയ സാംസ്‌കാരികോത്സവം കൊണ്ട് കഴിയുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം പള്ളങ്കോട്, സുരേഷ് വൈദിക്ക്, പഞ്ചായത്ത്പ്രസിഡന്റ്കെ.കെ. നിര്‍മല, സ്ഥിരം സമിതി അധ്യക്ഷ അമല്‍സരാഗ, ഫെസ്റ്റ് കോര്‍ഡിനേറ്റര്‍
പി.കെ.ബാബു, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഐ. സജീവന്‍, പഞ്ചായത്തംഗം ഗോപാലന്‍ കുറ്റി ഓയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍, മസ്താന്‍ കെ.വി. അബൂബക്കര്‍തുടങ്ങിയവരുടെ മലയാള സൂഫി കാവ്യങ്ങള്‍ പരിപാടിയില്‍ അരങ്ങേറി. ഇബ്‌നു അറബി, മന്‍സൂര്‍ ഹല്ലാജ്, അബ്ദുല്‍ യാ ഖാദിര്‍ ജീലാനി, റാബിഅ ബസരിയ്യ, ഉമര്‍ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങളും ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങളും ഖാജാ മീര്‍ ദര്‍ദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകളും മനം കവര്‍ന്നു. ശ്രീനാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗാത്മക ശീലുകള്‍, വേദ വചനങ്ങള്‍, വിവിധ ഫോക് പുരാവൃത്തങ്ങള്‍ തുടങ്ങിയവ കൂടി പരിപാടിയുടെ ഭാഗമാക്കിയത് വേറിട്ട അനുഭവമായി.