കീഴരിയൂര്‍ ആനപ്പാറ ക്വാറിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുളള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം; പ്രതിഷേധം ശക്തമാക്കി ജനകിയ സമര സമിതി


കൊയിലാണ്ടി: കീഴരിയൂര്‍ ആനപ്പാറ ക്വാറിയ്ക്ക് പ്രവര്‍ത്തനാനുമതി നൽകരുതെന്ന ആവശ്യം ശക്തമാക്കി ജനകീയ സമര സമിതി. ക്വാറിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുളള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമര സമിതി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

എന്നാൽ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോൾ പോലീസ് തടയുകയുണ്ടായി. സമരം എ.എം സുധീഷ് അധ്യക്ഷത വഹിച്ചു. കെ.മണികണ്ഠന്‍, പി.എം സുഗേഷ്, ഇടത്തില്‍ ശിവന്‍, കെ നൗഷാദ്, ചൂക്കോത്ത് ബാലന്‍ നായര്‍, കെ.ടി.ചന്ദ്രന്‍, ഉപേന്ദ്രന്‍, സുബീഷ് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്.