കഥകളിയും മേള വാദ്യങ്ങളും ഒപ്പം അയല്‍ക്കൂട്ടംഗങ്ങളുടെ തിരുവാതിരക്കളിയും; ചേലിയ കഥകളി വിദ്യാലയത്തില്‍ വിപുലമായ നവരാത്രി ആഘോഷങ്ങള്‍
കൊയിലാണ്ടി: ഗുരു ചേമഞ്ചേരിയുടെ സ്മൃതി സ്പര്‍ശത്തില്‍ ചേലിയ കഥകളി വിദ്യാലയത്തില്‍ വിപുലമായ നവരാത്രി ആഘോഷങ്ങള്‍. നവരാത്രിയുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 22, 23, 24 തീയതികളിലാണ് പരിപാടികള്‍ നടത്തുന്നത്. ഒക്ടോബര്‍ 22 ഞായറാഴ്ച അഷ്ടമി നാളില്‍ പൂജ വെപ്പോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. വൈകിട്ട് ആറു മണിക്ക് കലാനിലയം ഹരി, അശ്വന്ത് എന്നിവര്‍ പാടുന്ന കഥകളി പദ കച്ചേരി നടക്കും. ഏഴ് മണിക്ക് കഥകളി പൂതനാമോക്ഷം (കലാമണ്ഡലം പ്രേംകുമാര്‍ വേഷമിടുന്നു. കലാമണ്ഡലം ശിവദാസ് ചെണ്ടയിലും കലാനിലയം ഹരി വായ്പാട്ടിലും കൂടെ ചേരുന്നു. കോട്ടക്കല്‍ ശബരീഷ് ആണ് മദ്ദള വാദകന്‍.)
ഒക്ടോബര്‍ 23 തിങ്കളാഴ്ച മഹാനവമിയോടനുബന്ധിച്ച് വൈകീട്ട് 5 മണിയ്ക്ക് മേളം – മുരളീരവം (ശ്രീ.ശിവദാസ് ചേമഞ്ചേരി, ശശി പൂക്കാട്, കലാമണ്ഡലം ശിവദാസ് എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രത്യേക പരിപാടി). തുടര്‍ന്ന് നാട്ടുകാര്‍ പി.ടി.എ അംഗങ്ങള്‍ അയല്‍ കൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുക്കുന്ന തിരുവാതിരക്കളി, ഒപ്പന, നാടന്‍ പാട്ട് സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ അരങ്ങേറും.
ഒക്ടോബര്‍ 24 ചൊവ്വാഴ്ച വിജയ ദശമി നാളില്‍ രാവിലെ 8 മണിയ്ക്ക് വിദ്യാരംഭം. തുടര്‍ന്ന് ചെണ്ടമേളം അരങ്ങേറ്റം നടക്കും. വൈകീട്ട് 5 മുതല്‍ ഗാനാര്‍ച്ചന, നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം എന്നിവ നടക്കും. കൂടാതെ ഗീതോപദേശം ന്യത്ത സംഗീതിക ആഘോഷ പരിപാടികളുടെ മാറ്റു കൂട്ടുന്നു.
പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം വിജയ ദശമി നാള്‍ രാവിലെ 9 ന് ആരംഭിക്കും. ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം, ചിത്രകല, തബല, കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍, ഓടക്കുഴല്‍, കഥകളി വേഷം, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, സോപാന സംഗീതം, ചെണ്ട, മദ്ദളം,ചുട്ടി, എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം നടക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിജയദശമി ദിവസം രാവിലെ 9 മണിക്കു മുമ്പ് എത്തേണ്ടതാണ് അധികൃതര്‍ അറിയിച്ചു.