ഉള്ള്യേരിയിലെത്തിയത് കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, കൂരാച്ചുണ്ടിലെ സഹപാഠിയുടെ വീട്ടില്‍ നിന്നും കരിയാത്തുംപാറയിലേക്ക്; അപകടം പതിയിരിക്കുന്ന കരിയാത്തുംപാറയില്‍ അശ്രദ്ധയുടെ ഇരയായി കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി


Advertisement

കൂരാച്ചുണ്ട്: പ്രകൃതിയൊരുക്കിയ മനോഹരമായ ഇടമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകട സാധ്യതയുള്ള മേഖലയാണ് കൂരാച്ചുണ്ടിലെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും പരിസരവും. വിനോദ സഞ്ചാരത്തിനായി കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തുമൊക്കെ ഇവിടെയെത്തി അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി ജോര്‍ജ് ജേക്കബ് മുങ്ങിമരിച്ചത് ഇത്തരത്തിലുള്ള ഏറ്റവുമൊടുവിലത്തെ സംഭവമാണ്.

Advertisement

ഉള്ള്യേരിയില്‍ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി ജോര്‍ജ് ജേക്കബും സുഹൃത്തുക്കളും ഇവിടെയെത്തിയത്. തുടര്‍ന്ന് കൂരാച്ചുണ്ടിലെ സുഹൃത്തിന്റെ വീട്ടിലും അവിടെ നിന്ന് കരിയാത്തുംപാറയിലേക്കും പോകുകയായിരുന്നു.

സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് ഇവര്‍ ഇറങ്ങിയത്. അടിയൊഴുക്കും ചുഴിയുമുള്ളതിനാല്‍ പ്രദേശവാസികള്‍ പോലും കുളിക്കാനിറങ്ങാത്ത കടവാണിത്. പ്രദേശവാസികളായ സോണി ജോണ്‍ വെളിയത്ത്, ഷൈജു പുതുക്കുടി, റെജി പുന്നറവിള, സോളമന്‍ റെജി, രമേശന്‍ കരിയാത്തുംപാറ, ടില്‍സ് പടലോടി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇരുപത് മിനിറ്റോളം ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജേക്കബിനെ പുഴയില്‍ കണ്ടെത്താനായത്. തുടര്‍ന്ന് കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

കരിയാത്തുംപാറയുടെ പല മേഖലകളും അപകട സാധ്യത ഏറെയുളള ഇടങ്ങളാണ്. പാറക്കെട്ടുകള്‍ ഉള്ള പ്രദേശത്ത് ആഴത്തിലുള്ള ചുറ്റുകുഴിയില്‍ അകപ്പെട്ടാണ് ഈ മേഖലയില്‍ അപകടം സംഭവിക്കുന്നത്. ഇതിനകം ഇരുപതോളം മരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇതിലേറെയും യുവാക്കളാണ്.

Advertisement

അപകടം പറ്റിയാല്‍ തന്നെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുന്നത് പല ഭാഗത്തും ബുദ്ധിമുട്ടാണ്. പാറയിലെ തെന്നലും, പാറക്കെട്ടുകളുമൊക്കെ കടന്ന് എളുപ്പം നടന്നുനീങ്ങുകയെന്നത് ബുദ്ധിമുട്ടാണ്. അപകട സാധ്യതാ മേഖലകളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് പ്രവേശിക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തലാകും. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് വകവെക്കാതെ പുഴയിലിറങ്ങുന്നത് തടയാന്‍ നിരീക്ഷണ സംവിധാനങ്ങളുണ്ടാകുന്നത് വലിയൊരളവില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകും.