കാരയാട് പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26ന് തിരിതെളിയും
അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26ന് തിരശ്ശീല ഉയരും. അന്നേ ദിവസം വൈകീട്ട് അഞ്ച് മണിയ്ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും.
27ന് രാത്രി ചിറക്, 28ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍, 29ന് അപ്പ, 30ന് ഉത്തമന്റെ സങ്കീര്‍ത്തനം, 31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാവ് അരങ്ങേറും. സമാപന സമ്മേളനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സാന്ത്വന പരിചരണ മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് കാരയാട് സുരക്ഷ പെയിന്‍ ആൻ്റ് പാലിയേറ്റീവ് കെയര്‍. ഒട്ടെറേ കിടപ്പു രോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ ഇതിനിടെ സാധിച്ചിട്ടുണ്ട്. സ്വന്തമായ സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുമുളള കെട്ടിടവും സജ്ജമാക്കാനാണ് നാടകരാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
പത്രസമ്മേളനത്തില്‍ വി.എം ഉണ്ണി, ഒ.കെ ബാബു, എം.സി കുഞ്ഞിരാമന്‍, വി.കെ ബൈജു, അനില്‍ കോളിയോട്ട്, എം.ബീന എന്നിവര്‍ പങ്കെടുത്തു.
Description1; Karayad professional drama night will kick off on December 26