കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് തീരദേശ ഹൈവേ അല്ല, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; യാഥാർത്ഥ്യം എന്തെന്ന് വിശദീകരിച്ച് കാനത്തിൽ ജമീല എം.എൽ.എ


കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡും തീരദേശ ഹൈവേയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കാനത്തിൽ ജമീല എം.എൽ.എ. ഇവ രണ്ടും തമ്മിൽ യാതാരു ബന്ധവുമില്ലെന്നിരിക്കെ ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി എം.എൽ.എ പറഞ്ഞു. തീരദേശ ഹൈവേയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിൽ 32 കിലോമീറ്റർ നീളമുണ്ട്. ഇതിന് ഭരണാനുമതിയുമായി. എന്നാൽ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കല്ലിടൽ പുരോമിക്കുകയാണെന്നും എം.എൽ.എ വ്യക്തമാക്കി.

കാനത്തിൽ ജമീല എം.എൽ.എയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡും സംസ്ഥാനസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ തീരദേശ ഹൈവേയുമായി യാതൊരു ബന്ധവുമില്ല എന്നിരിക്കെ ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ചില കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ട് ചില അതിന്റെ വസ്തുതകള്‍ എഴുതുന്നു.

ആദ്യമേ പറയട്ടെ കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് തീരദേശ ഹൈവേ അല്ല. മറിച്ച് 2020 ൽ പ്രധാനമന്ത്രി സടക് യോജന പദ്ധതിപ്രകാരം നിർമ്മിച്ചതാണ്. തീരദേശ ഹൈവേ എന്നത് കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ 650 കി.മി നീളമുള്ള ഹൈവേയാണ്. ഇതിന്റെ നിർമ്മാണം കേരളത്തിൽ പലസ്ഥലത്തും ആരംഭിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് (KRFB ) നാണ് നിർമ്മാണ ചുമതല.

യാത്രാസൗകര്യത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും എന്നതിലുപരി ടൂറിസം മേഖലയിൽ ഉണ്ടാകാൻ പോകുന്ന സാധ്യത പ്രവചനാതീതമാണ്. ഇതിന്റെ സാക്ഷാൽക്കാരത്തിനായി കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പം അതിന് നേതൃത്വം നൽകുന്ന മന്ത്രി ശ്രീ മുഹമ്മദ് റിയാസും ഊർജ്വസ്വലരായി രംഗത്തുണ്ട്.

തീരദേശ ഹൈവേ കൊയിലാണ്ടി മണ്ഡലത്തിൽ 32 കിലോമീറ്റർ നീളമുണ്ട്. ഇതിന് ഭരണാനുമതി ആയി എന്നത് ശരിയാണ്. അതിന്റെ നിർമ്മാണത്തിനാവശമായ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കല്ലിടൽ പുരോമിക്കുകയാണ്. ഭൂമി നഷ്ടപ്പെടുന്നവർക്ക് ആകർഷകമായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത് . നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നതിനായി നിരവധി യോഗങ്ങളും തീരദേശ മേഖലകളിൽ നടന്നു വരുന്നു. കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബർ വരെ നീളുന്ന ആദ്യത്തെ റീച്ചില്‍ ഏതാണ്ട് 2 കി.മീ മാത്രമെ കല്ലിടാൻ ബാക്കിയുള്ളൂ. കല്ലിടൽ പൂർത്തിയായാൽ ഒന്നര വർഷം കൊണ്ട് ഹൈവേ നിർമ്മാണം ആരംഭിക്കും. ഇതിന് മുന്നോടിയായി തീരസംരക്ഷണം ഉറപ്പ് വരുത്തണം.

കടലാക്രമണ ഭീഷണി നേരിടുന്ന കേരളത്തിൽ 10 ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് കാപ്പാട്. ഹോട്ട്സ്പോട്ടുകളിൽ ശാശ്വതമായ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR) നെയാണ് പഠനം നടത്തി ഡിസൈൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. അവർ 15 ദിവസം കാപ്പാട് സ്റ്റേ ചെയ്ത് പഠനം നടത്തി. ഡിസൈൻ തയ്യാറാക്കി വരുന്നു. NCCR ഡിസൈൻ തയ്യാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കുന്ന മുറയ്ക്ക് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ചെല്ലാനം മാതൃകയിൽ ശാശ്വതമായ തീരസംരക്ഷണം ഉറപ്പ് വരുത്തും. ഹോട്ട് സ്പോട്ടുകളിൽ ഒന്നായ ചെല്ലാനം പ്രൊജക്ട് വിജയകരമായി പൂർത്തീകരിച്ച് വരുന്നു.

വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിപ്പിക്കുന്നത് പലരുടെയും രാഷ്ട്രീയ ലക്ഷ്യമായിരിക്കാം. ആ രാഷ്ട്രീയപ്രേരിത കള്ളപ്രചരണത്തെ കൊയിലാണ്ടിയിലെ ജനത തിരിച്ചറിയുമെന്ന് ഉറപ്പാണെന്നും കാനത്തില്‍ ജമീല എം.എല്‍.എ പറഞ്ഞു.

Summary: Kappad – Koyilandy Harbor Road is not a coastal highway, as is being spread by false news