ഇശല്‍ മഴയായി പെയ്തിറങ്ങാന്‍ സര്‍ഗാലയില്‍ കണ്ണൂര്‍ ഷെരീഫ് ഇന്നെത്തും
വടകര: സര്‍ഗാലയ വേദിയില്‍ ഇന്ന് കണ്ണൂര്‍ ഷെരീഫ് എത്തുന്നു. രാത്രി ഏഴ് മണി മുതല്‍ മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്ന് ഷെരീഫുണ്ടാകും. സ്വതസിദ്ധമായ ആലാപന മാധുര്യത്തോടെ സംഗീതപ്രിയരുടെ ഹൃദയം പിടിച്ചടക്കിയ ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ് കണ്ണൂര്‍ ഷെരീഫ്.
സ്റ്റേജ് ഷോകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്നാണ് കണ്ണൂര്‍ ഷെരീഫ് മലയാളികളുടെ പ്രിയ ഗായകരുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. റിയാലിറ്റി ഷോയായ മൈലാഞ്ചിയില്‍ വൈവിധ്യമാര്‍ന്ന ആലാപനത്തിലൂടെ കാഴ്ചക്കാരെ രസിപ്പിച്ച വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ഷെരീഫ്. സീ കേരളം ചാനലിലെ സംഗീത പരിപാടിയായ ‘സരിഗമപാ കേരളം’ മത്സരാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന 12 ഉപദേശകരില്‍ ഒരാള്‍ കൂടിയാണ്. അയ്യായിരത്തില്‍ അധികം വേദികളില്‍ പാടിയിട്ടുമുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരള ഫോക്ലോര്‍ അക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് ഗായകനുള്ള പുരസ്‌കാരം ഫോം ഖത്തര്‍ എരഞ്ഞോളി മൂസ പ്രഥമ കലാപുരസ്‌കാരം എന്നിവ അവയില്‍ ചിലതാണ്.
ജനുവരി ആറ് വരെയുള്ള കരകൗശല മേളയില്‍ എല്ലാ വൈകുന്നേരങ്ങളിലും കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്.
Summary: Kannur Sharif will arrive in Sargalaya