ഒറ്റച്ചക്ര സൈക്കിളില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു യാത്ര; കൊയിലാണ്ടിക്ക് വേറിട്ട കാഴ്ചയായി കണ്ണൂര്‍ സ്വദേശി സനീദിന്റെയും കൂട്ടുകാരുടെയും ഉദ്യമം



കൊയിലാണ്ടി:
കണ്ണൂര്‍ സ്വദേശി സനീദിന്റെയും കൂട്ടുകാരുടെയും ഒറ്റച്ചക്ര സൈക്കിള്‍ യാത്ര കൊയിലാണ്ടിയിലൂടെ കടന്നു പോയത് നാട്ടുകാര്‍ക്ക് വേറിട്ട കാഴ്ചയായി. ലഹരിക്കെതിരെ സനീദും കൂട്ടുകാരും നടത്തുന്ന പോരാട്ടത്തിന് കൊയിലാണ്ടി എല്ലാ ഐക്യാദാര്‍ഢ്യവും അറിയിച്ചു.

22-കാരനായ ശ്രീകണ്ഠപുരം സ്വദേശി സനീദ് സെപ്റ്റംബര്‍ 23നാണ് കാസര്‍കോടുനിന്നും ഒറ്റച്ചക്ര സൈക്കിളില്‍ യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് യാത്ര പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥിയായ ഉളിക്കല്‍ സ്വദേശി കെ.ആര്‍. റസ്സലും ആലക്കോട് കരുവഞ്ചാല്‍ സ്വദേശി കെ.കെ. സിദ്ദീഖും സനീദിനൊപ്പം യാത്രയില്‍ കൂട്ടായുണ്ട്. ഇരുവരും രണ്ട് ചക്രുമുള്ള സൈക്കിളിലാണ് യാത്ര നടത്തുന്നത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒറ്റച്ചക്രത്തിലൊരു സൈക്കിള്‍ യാത്രയെന്ന സ്വപ്‌നം കുറച്ചുകാലമായി കൂടെക്കൂട്ടിയിട്ടെന്ന് സനീദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. യാത്രയുടെ ഭാഗമായി നാടിന് ഒരു സന്ദേശം എന്ന ലക്ഷ്യത്തോടെ ലഹരിയ്‌ക്കെതിരെ ബോധവത്കരണം നടത്തുന്നത്.

”ആദ്യമാദ്യം എല്ലാവരും എതിരാ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കിട്ടിയിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല”, സനീദ് പറയുന്നു. പുലര്‍ച്ചെ ആറുമണിക്കാണ് യാത്ര ആരംഭിക്കുക. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ദിവസം ഇരുപത് മുതല്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കും. രാത്രി ഏഴുമണിയോടെയാണ് യാത്ര അവസാനിപ്പിക്കുക. ടെന്റൊരുക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ ടെന്റ് തയ്യാറാക്കി അന്നത്തെ രാത്രി അവിടെ തങ്ങുന്നതാണ് പതിവ്.

ഭക്ഷണം സ്വന്തം ചെലവില്‍ കഴിക്കും. വെള്ളം പലരും നല്‍കാറാണ് പതിവെന്നും സനീദും കൂട്ടുകാരും പറയുന്നു. സിവില്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയതാണ് സനീദ്. പതിനേഴുകാരനായ റസല്‍ പ്ലസ് ടു വിദ്യാര്‍ഥിയും. സിദ്ദിഖ് ഐ.ടി മേഖലയിലാണ്.