പി.കെ.ശങ്കരന്‍ എന്ന ജനനേതാവ് കൊയിലാണ്ടിയാകെ നിറഞ്ഞുനിന്ന ആ കാലം ഓര്‍ക്കുമ്പോള്‍; കന്മന ശ്രീധരന്‍ മാസ്റ്റർ എഴുതുന്നു



ന്ന് സഖാവ് പി.കെ.ശങ്കരേട്ടന്‍ ഓര്‍മ്മ ദിനം. സഖാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിനാറ് വര്‍ഷം. എങ്കിലും ആ ഓര്‍മ്മകള്‍ ഒളിമങ്ങാതെ ഇന്നും കൂടെയുണ്ട്. എണ്ണ നിറം കലര്‍ന്ന പൊക്കം കൂടിയ ശരീരം. തലയുയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ആ നടത്തത്തിന് മിഴിവേകുന്ന തൂവെള്ള നീളന്‍ കുപ്പായവും മല്‍മുണ്ടും. നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകള്‍. മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍ വിരിയുന്ന സ്‌നേഹവും വാത്സല്യവും നിറഞ്ഞ പുഞ്ചിരി.

അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത് ഞാന്‍ പൊയില്‍ക്കാവ് ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ്. കുപ്രസിദ്ധമായ വിമോചന സമരം കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കിക്കൊണ്ടിരുന്ന കാലം. കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്റെ (കെ.എസ്സ്.എഫ്) കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. സംഘടനാ യോഗങ്ങള്‍ അധികവും നടന്നിരുന്നത് പഴയ പി.സി സ്‌ക്കൂളിലായിരുന്നു. മലബാര്‍ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്ര നേതാക്കളില്‍ ഒരാളായിരുന്ന കെ.പി.പത്മനാഭന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായിരുന്ന സ്‌ക്കൂള്‍.

യോഗങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ പലപ്പോഴും ശങ്കരേട്ടന്‍ അവിടെയെത്തും. ഞങ്ങളുടെ സുഖ സൗകര്യങ്ങളൊക്കെ ആരായും. ആവശ്യമുള്ള സഹായങ്ങള്‍ ഒരുക്കിത്തരും. വിദ്യാര്‍ത്ഥി രാഷ്ടീയത്തിന്റെ ബാലപാഠങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അദ്ദേഹം ഒരു മാര്‍ഗ്ഗദര്‍ശി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പോലും ഞങ്ങള്‍ക്ക് ഒരു അനുരോധ ഊര്‍ജമായിരുന്നു. കാലം പിന്നെയും കഴിയേണ്ടി വന്നു ധീരനായ ആ പോരാളിയെ അടുത്തറിയാന്‍. സംഭവ ബഹുലമായിരുന്ന ആ ജീവിതത്തിന്റെ ഏടുകള്‍ പലതും മറിച്ചത് പില്‍ക്കാലത്താണ്.

ജന്മിനാടുവാഴിത്തത്തിന്റെ കൊടുംക്രൂരതകള്‍ കൊടികുത്തി വാണിരുന്ന കാലം. പീഡനങ്ങളില്‍ നടുവൊടിഞ്ഞ് നട്ടം തിരിഞ്ഞു കൊണ്ടിരുന്ന കൃഷിക്കാരും തൊഴിലാളികളും. ജാതീയമായ ഉച്ചനീചത്വം കൊണ്ട് അരികുവല്‍ക്കരിക്കപ്പെട്ടു ക്കൊണ്ടിരുന്ന നാട്ടിന്‍ പുറത്തെ പട്ടിണിപ്പാവങ്ങള്‍. കൊല്ലും കൊലയും കുലാധികാരമാക്കിയ പ്രമാണിവര്‍ഗ്ഗം. തിരുവായ്‌ക്കെതിര്‍ വായില്ലാത്ത കാലം. അവരോട് മുഖത്തോട് മുഖം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു പി.കെ ശങ്കരന്‍ എന്ന യുവാവിന്റെ അരങ്ങേറ്റം.

അണേലയില്‍ നടത്തിയ ചായക്കട. കാലം വേണ്ടതു പോലെ അടയാളപ്പെടുത്താതെ പോയ ഒന്നായിരുന്നു അതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തീണ്ടാപ്പാടകലെ ആട്ടിയകറ്റപ്പെട്ടവരെ, ചിരട്ടയില്‍ ചായ കുടിക്കേണ്ടി വന്നവരെ, വിളിച്ച കത്തിരുത്തി മറ്റുള്ളവരോടൊപ്പം ചായ നല്‍കിയ ഒരു പൊതു ഇടം. ജാത്യാഭിമാനം ഇന്നും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍ മുഖം രക്ഷിക്കാന്‍ ആവര്‍ത്തിച്ച് ഊറ്റം കൊള്ളുന്ന ചായ വിതരണമല്ലിത്. സഹജാതരോടുള്ള ഐക്യപ്പെടലില്‍ നിന്ന് ഉറവെടുത്ത വിപ്ലവബോധമായിരുന്നു അതിനു പിന്നില്‍. ആയിരത്താണ്ടായി നിലനിന്നിരുന്ന ജാതി വിവേചനത്തെ നേര്‍ക്കുനേര്‍ എതിരിട്ടും വെല്ലുവിളിച്ചുമുള്ള സമരമുഖം. സവര്‍ണ്ണ പ്രമാണിമാരുടെയും മാടമ്പിമാരുടെയും അഹംഭാവത്തെയും ദുരഭിമാനത്തെയും തന്റേടത്തോടെ വെല്ലുവിളിച്ച സമരമുഖം.

ഭാരതീയ നവോത്ഥാനത്തിന്റെ പ്രകാശഗോപുരങ്ങളായിരുന്ന രാജാറാം മോഹന്‍ റായിയും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറും ദയാനന്ദ സരസ്വതിയും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുമൊക്കെ മതനവീകരണത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. മഹാത്മാ ഫൂലെയും പെരിയാറുമുള്‍പ്പെടെയുളളവരായിരുന്നു ജാതിവിരുദ്ധ പോരാട്ടത്തിന് വഴി കാട്ടിയത്. ഹിന്ദു മതത്തിന്റെ അടിസ്ഥാനഘടകമായ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ടാണ് ജാതിവിരുദ്ധ ചിന്തകള്‍ രൂപം കൊണ്ടത്. അയ്യങ്കാളിയും ജാതിക്കുമ്മിയുടെ കര്‍ത്താവായ പണ്ഡിറ്റ് കറുപ്പനും ശ്രീ നാരായണ ഗുരുവുമെല്ലാമാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ച ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ സമരങ്ങള്‍ക്ക് വഴി വിളക്കായിരുന്നവര്‍. പില്‍ക്കാലത്ത് സാമ്രാജ്യത്വ വിരുദ്ധവും ജന്മി നാടുവാഴിത്ത വിരുദ്ധവുമായ പ്രസ്ഥാനമായി പടര്‍ന്നു പന്തലിച്ച ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഈ ജാതി നശീകരണ പ്രസ്ഥാനമായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ശങ്കരേട്ടന്റെ അണേലയിലെ ചായക്കടയുടെ രാഷ്ട്രീയം നമുക്ക് ബോധ്യമാവുക.

കേളു ഏട്ടനെപ്പോലുള്ള സര്‍വാദരണീയരായ നേതാക്കളോടൊപ്പം പഴയ കുറുമ്പ്രനാട് താലൂക്കിലാകെ സഞ്ചരിച്ച് അദ്ദേഹം കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുത്തു. കിസാന്‍ സഭ എന്നതിന്റെ മറു പേരായി ശങ്കരേട്ടന്‍ മാറി. ദീര്‍ഘകാലം കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. പിന്നീട് ജില്ലാ സംസ്ഥാന കമ്മിറ്റികളിലും ഭാരവാഹിയായി. കൃഷിക്കാരുടെ പ്രതിനിധി എന്ന നിലയില്‍ ലാന്റ് ബോര്‍ഡിലെ അദ്ദേഹത്തിന്റെ സേവനം ശ്ലാഘനീയമായിരുന്നു. കര്‍ഷക പ്രസ്ഥാനത്തിലൂടെ അദ്ദേഹം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ അംഗമായി. പിന്നീട് വളരെക്കാലം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ചിന്താ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടപ്പെട്ട അടിയന്തരാവസ്ഥക്കാലത്തെ മാസങ്ങളോളം നീണ്ട ജയില്‍വാസത്തിനും സഖാവിനെ തളര്‍ത്താനായില്ല. കൂടുതല്‍ ഊര്‍ജസ്വലനായി അദ്ദേഹം സംഘടനാരംഗത്ത് തുടര്‍ന്നു.

നാല് പതിറ്റാണ്ടിന് മുമ്പ് ഇന്നത്തെ പയ്യോളി എ.സിയും കൊയിലാണ്ടി എ.സിയും ചേര്‍ന്ന അവിഭക്ത ഏരിയാ കമ്മിറ്റി അംഗമായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ശങ്കരേട്ടനായിരുന്നു സെക്രട്ടറി. അദ്ദേഹത്തിന്റെ നേതൃത്വപാടവവും ബഹുജനസമ്പര്‍ക്ക രീതിയുമൊക്കെ കണ്ടു പഠിക്കാന്‍ ലഭിച്ച അസുലഭാവസരമായിരുന്നു അത്. കാഡറുകളെ കണ്ടെത്തുന്നതിലും ചുമതലകള്‍ വിഭജിച്ചു നല്‍കുന്നതിലും സഖാവ് പ്രദര്‍ശിപ്പിച്ചിരുന്ന ദീര്‍ഘദര്‍ശിത്വവും സൂക്ഷ്മതയും എക്കാലവും മാതൃകാപരമായിരിക്കും. എല്ലാ രംഗങ്ങളിലും ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് അവസരങ്ങളും പ്രോത്സാഹനവും നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അത് ഞങ്ങളിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും സഖാവ് ഒരുക്കമായിരുന്നില്ല. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ വളരെ കണിശക്കാരനായിരുന്നു. വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും കാര്യത്തിലും ജനാധിപത്യ കേന്ദ്രീകരണ തത്ത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലും സഖാവ് പുലര്‍ത്തിയിരുന്ന ഉന്നത നിലവാരം ഞങ്ങളുടെയൊക്കെ അനുഭവസാക്ഷ്യമാണ്.

പാര്‍ട്ടി സഖാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം എന്നും ഒരു തറവാട്ട് കാരണവരായിരുന്നു. എവിടെയായാലും എത്ര തിരക്കിനിടയിലാണെങ്കിലും അദ്ദേഹം കുശലാന്വേഷണം നടത്തും. ഓരോരുത്തരേയും കുറിച്ചന്വേഷിക്കും. ഒരു കാലത്ത് കൊയിലാണ്ടിയിലാകെ നിറഞ്ഞു നിന്നിരുന്ന ജനനേതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അഭിവാദനങ്ങള്‍.