ഇനി ഉത്സവത്തിന്റെ നാളുകള്‍; കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി മേപ്പള്ളി മനയ്ക്കല്‍ ഉണ്ണികൃഷണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റത്തിന് മുമ്പ് നിറദീപ സമര്‍പ്പണം, കലവറനിറയ്ക്കല്‍, സമാദരം എന്നിവയും നടന്നു. രാത്രി ചേലിയ കഥകളി വിദ്യാലയം പ്രഹ്‌ളാദചരിതം കഥകളി അവതരിപ്പിച്ചു.

മാര്‍ച്ച് 4 ന് 7 മണിക്ക് കല്ലുവഴി പ്രകാശിന്റെ തായമ്പക, 108 നൃത്തവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്ത പരിപാടി,മഞ്ജീര ശിഞ്ജിതം, ആയഞ്ചേരി ‘വല്യെ ശമാന്‍’ നാടകം എന്നിവ അരങ്ങേറും. മാര്‍ച്ച് 5 ന് വൈകീട്ട് 5 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അത് ലറ്റിക് പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം സ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശവുമായി സ്‌പോര്‍ട്ട്‌സ് ഡിസ്‌പ്ലേ നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയാവും.

രാവിലെ 7 മുതല്‍ 200 ഓളം പേര്‍ 4 സംഘങ്ങളായി ആഘോഷ വരവില്‍ പങ്കാളികളാവും. തുടര്‍ന്ന് കലാമണ്ഡലം ഹരി ഘോഷിന്റെ തായമ്പക, കലാമണ്ഡലം പ്രേംകുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി ‘നാട്യ ഗംഗ’ എന്നിവ നടക്കും. തുടര്‍ന്ന് ഗംഗന്‍ ചേലിയ അവതരിപ്പിക്കുന്ന ഭജന്‍സ് – ഗാനാമൃതം നാട്യമണ്ഡപത്തില്‍ അരങ്ങേറും. മാര്‍ച്ച് 6 ന് രാവിലെ 10 മണിക്ക് പ്രഭാകരന്‍ പുന്നശ്ശേരിയുടെ ഓട്ടന്‍ തുള്ളല്‍. വൈകീട്ടു നടക്കുന്ന മൃത്യുഞ്ജ്യ പുരസ്‌കാര സമര്‍പ്പണ പരിപാടിയും നടക്കും.

പ്രശസ്ത സിനിമാ പിന്നണി ഗായിക ഡോക്ടര്‍ വൈക്കം വിജയലക്ഷ്മിക്കാണ് ഇത്തവണ പുരസ്‌കാരം സമ്മാനിക്കപ്പെടുന്നത്.
മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബൈജുനാഥ്, പത്മശ്രീ ചെറു വയല്‍ രാമന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐ. പി. എസ്, തുടങ്ങിയവര്‍ അതിഥികളായി ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രധാന വേദിയില്‍ വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള നടക്കും.

മാര്‍ച്ച് 7 ന് രാവിലെ പ്രസാദ് മേലേടത്തും സംഘവും അവതരിപ്പിക്കുന്ന ഭജന്‍സ്. വൈകിട്ട് 7 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേള പ്രമാണത്തില്‍ വെളിയന്നൂര്‍ സത്യന്‍ മാരാര്‍, മുചുകുന്ന് ശശി മാരാര്‍, മേള കലാരത്‌നം സന്തോഷ് കൈലാസ്, റിജില്‍ കാഞ്ഞിലശ്ശേരി, സതീശന്‍ തൃക്കുറ്റിശ്ശേരി, കൊട്ടാരം ബിനു മാരാര്‍, മുരളി എടപ്പാള്‍, ചീനങ്കണ്ടി പത്മനാഭന്‍, മുചുകുന്ന് ഉണ്ണിമാരാര്‍, പട്ടിക്കാട് അജി തൃശൂര്‍, കാഞ്ഞിലശ്ശേരി അരവിന്ദന്‍, കേരളശ്ശേരി കുട്ടന്‍ പാലക്കാട്, കേരളശ്ശേരി പ്രസാദ്, കാഞ്ഞിലശ്ശേരി ദാമോദരന്‍ നായര്‍, ഷാജു കൊയിലാണ്ടി, അയിലൂര്‍ ഹരി പാലക്കാട്, വിപിന്‍ മാങ്കുറിശ്ശി , ബാബു ചെര്‍പ്പുളശ്ശേരി, ജിഷ്ണു പഴയന്നൂര്‍, അഗ്‌നേഷ് അങ്ങാടിപ്പുറം തുടങ്ങി 111 വാദ്യകലാകാരന്‍മാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ആലിന്‍ കീഴുമേളം ഉത്സവാഘോഷ പരിപാടികളിലെ മുഖ്യ ആകര്‍ഷണമാണ് കുടമാറ്റം ഉത്സവാഘോഷ പരിപാടികളിലെ സവിശേഷ ഇനമാണ്.

മാര്‍ച്ച് 8 ന് ശിവരാത്രി നാളില്‍ സര്‍വ്വൈശ്വര്യ പൂജ, സഹസ്ര കുംഭാഭിഷേകം, ചതുശ്ശതപ്പായസ നിവേദ്യം, പ്രബന്ധകൂത്ത്, തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ പ്രമാണത്തില്‍ കാഴ്ച്ചശീവേലി എന്നിവയും രാവിലെ 10 മുതല്‍ നാട്യമണ്ഡപത്തില്‍ നടക്കുന്ന ശിവദം അഖണ്ഡ നൃത്താര്‍ച്ചനയില്‍ 50 ഓളം നര്‍ത്തകികള്‍ ശാസ്ത്രീയ നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബു രാജ്, മലബാര്‍ മെഡിക്കല്‍ കോളജ് മാനേജിങ് ഡയരക്ടര്‍ അനില്‍ കുമാര്‍, ഗായിക മൃദുല വാര്യര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. വൈകീട്ട് 6.30 മുതല്‍ ശയന പ്രദക്ഷിണം, രാത്രി 9 ന് ഡാന്‍സ് ഡിലൈറ്റ്.
മാര്‍ച്ച് 9, 10 തിയ്യതികളില്‍ നടക്കുന്ന പള്ളിവേട്ട, കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവാഘോഷ പരിപാടികള്‍ക്ക് സമാപനമാവും.