വിഷു എത്തുംമുമ്പേ കൊന്ന പൂത്ത് കഴിഞ്ഞു; കണികാണാന്‍ ഇനി പ്ലാസ്റ്റിക് കൊന്നകള്‍ തേടി പോകേണ്ടിവരുമോയെന്ന ആശങ്കയില്‍ കൊയിലാണ്ടിയും
കൊയിലാണ്ടി: വിഷുക്കണിക്കായി ഉപയോഗിക്കുന്ന കണിക്കൊന്ന മരങ്ങള്‍ നാട്ടിന്‍ പുറങ്ങളിലെല്ലാം പൂത്തു തുടങ്ങി. സാധാരണ ഏപ്രില്‍ മാസത്തോടെ പൂക്കുന്ന കണിക്കൊന്ന കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം നേരത്തെ പൂത്തു.
ഫെബ്രുവരിയില്‍ മുതല്‍ തന്നെ നിറയെ പൂക്കുലകളുമായി കൊയിലാണ്ടിയില്‍ പല ഭാഗത്തും കൊന്നമരം കാണാമായിരുന്നു. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മതിലിനരികില്‍ നിറയെ പൂക്കളുമായി പൂത്തുനില്‍ക്കുന്ന കൊന്നമരം ഇപ്പോഴും കാണാം.
ഇക്കണക്കിന് പോയാല്‍ വിഷുവിന് കണികാണാനും വീടിന് മുന്നില്‍ തൂക്കിയിടാനുമൊക്കെ കൊന്നയ്ക്ക് എവിടെ പോകുമെന്ന ആശങ്കയിലാണ് നാട്. ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവുമായി കൊന്നകളെല്ലാം പൂത്തതിനാല്‍ ഏപ്രിലാകുമ്പോഴേക്കും പൂക്കള്‍ കൊഴിഞ്ഞ് തീരും. എവിടെ നിന്നെങ്കിലും വിഷു സമയത്ത് വിപണിയില്‍ കൊന്ന എത്തിയാല്‍ തന്നെ തീ വിലയായിരിക്കുമെന്നതില്‍ സംശയമില്ല. കണികാണാന്‍ പ്ലാസ്റ്റിക് കൊന്നകളെ ആശ്രയിക്കേണ്ടിവരുമോയെന്ന ആശങ്കയുമുണ്ട്.
കാലം തെറ്റിയുള്ള പുഷ്പിക്കല്‍ ഗ്രാമീണ മേഖലയിലെ മറ്റു പഴവര്‍ഗ സസ്യങ്ങളിലും വ്യാപകമാണ്. തുലാ വര്‍ഷം കുറയുകയും ഇതോടൊപ്പം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട തണുപ്പ് ജനുവരിയിലേക്കു വഴിമാറുകയും ചെയ്തതോടെ ഗ്രാമീണ വിഭവങ്ങളായ ചക്ക, മാങ്ങ, കശുമാവ് എന്നിവയുടെ പൂക്കാലത്തെയും ബാധിച്ചു. മിക്കയിടങ്ങളിലും ജനുവരി അവസാനത്തോടെയാണ് ഈഫല വൃക്ഷങ്ങളില്‍ പൂവിട്ടു തുടങ്ങിയത്.
ഇതേ തുടര്‍ന്ന് ഇവയുടെ വിളവെടുപ്പ് ജൂണില്‍ തുടങ്ങുന്ന മണ്‍സൂണിലേക്കു മാറുകയും ഉപയോഗ്യ ശൂന്യമാവുകയും ചെയ്യും. ഇവ ഉപയോഗിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പരിശീലനം ഇല്ലാത്തത് ഫലങ്ങള്‍ വ്യാപകമായി നശിക്കാന്‍ ഇടവരുന്നതും പതിവാണ്.
Summary: Kanikkonna flowered early