ആനക്കുളം നവീകരിക്കാന്‍ സര്‍ക്കാര്‍ കനിയുമോ? പദ്ധതി രേഖ എം.എല്‍.എയ്ക്ക് കൈമാറി പിഷാരികാവ് ദേവസ്വം; സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കാന്‍ ശ്രമം നടത്തുമെന്ന് കാനത്തില്‍ ജമീല


കൊല്ലം: മാലിന്യം നിറഞ്ഞ് നാശോന്‍മുഖമായ ആനക്കുളം നവീകരിക്കുന്നതിന് സര്‍ക്കാര്‍ സഹായം തേടി പിഷാരികാവ് ദേവസ്വം. ആനക്കുളം നവീകരണത്തിനായി ദേവസ്വം നേരത്തെ തയ്യാറാക്കിയ പദ്ധതി രേഖ ദേവസ്വം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് കൈമാറി.

ആനക്കുളത്തിന്റെ നവീകരണത്തിനായുള്ള ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ദേവസ്വം സമര്‍പ്പിച്ച പദ്ധതി രേഖ വരുംദിവസങ്ങളില്‍ തന്നെ സര്‍ക്കാറിനു സമര്‍പ്പിക്കും. ദേവസ്വം ബോര്‍ഡിനു മുമ്പാകെയും ഇത് സമര്‍പ്പിക്കും. സര്‍ക്കാറില്‍ നിന്നും സഹായം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുരാതനമായ ജലാശയം വീണ്ടെടുക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും എം.എല്‍.എ വ്യക്തമാക്കി.

കഴിഞ്ഞദിവസം കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, കീഴയില്‍ ബാലന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ്, ഇ.എസ്.രാജന്‍, കെ.ടി.സിജേഷ്, കെ.ചിന്നന്‍ നായര്‍, എ.പി.സുധീഷ് എന്നിവര്‍ എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്നു.

കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആനക്കുളം. ചളിയും പായലും മാലിന്യങ്ങളും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് ഈ കുളം ഇന്നുള്ളത്. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുന്നതോടെ സമീപത്തെ റോഡിലൂടെ മാലിന്യം പരന്നൊഴുകാന്‍ തുടങ്ങും. ക്ഷേത്രത്തില്‍ എത്തിചേരുന്ന ഭക്തര്‍ക്ക് ഉള്‍പ്പടെ ഉപയോഗിക്കാവുന്ന നിലയില്‍ കുളം കെട്ടി സംരക്ഷിക്കാന്‍ ദേവസ്വം നടപടി സ്വീകരിക്കണമെന്നാണ് ഭക്തന്‍മാരുടെയും നാട്ടുകാരുടെയും ആവശ്യം.

ദേശീയ പാതയ്ക്ക് സമീപം പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനോട് ചേര്‍ന്നാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ കാവും കുളത്തിനോട് ചേര്‍ന്നാണ് ഉള്ളത്. പണ്ട് കാലത്ത് ക്ഷേത്ര ചടങ്ങുകള്‍ക്ക് എത്തുന്ന ആനകളെ ഇവിടെ കുളിപ്പിച്ചിരുന്നെന്നും അതിനാലാണ് ആനക്കുളം എന്ന പേരു വന്നതെന്നുമാണ് പറയപ്പെടുന്നത്.

ഏറെക്കാലമായി കുളം ഉപയോഗശൂന്യമായിട്ട്. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരിക്കെ കുളത്തിന്റെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എ മുഖേന ദേവസ്വം വീണ്ടും സര്‍ക്കാറിനെ സമീപിക്കുന്നത്.