പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; രജിസ്‌ട്രേഷന്‍ വകുപ്പ് വിട്ടുതരാമെന്ന് പറഞ്ഞ സ്ഥലം സന്ദര്‍ശിച്ച് കാനത്തില്‍ ജമീല എം.എല്‍.എ


പയ്യോളി: നിലവില്‍ വളരെ പരിമിതമായ സൗകര്യത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി റജിസ്‌ട്രേഷന്‍ വകുപ്പ് വിട്ടുതരാമെന്ന് പറഞ്ഞ സ്ഥലം എം.എല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. തച്ചന്‍കുന്നില്‍ പയ്യോളി സബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്ഥലമാണ് പയോളി സബ്ട്രഷറിയ്ക്ക് പെര്‍മിസീവ് സാങ്ഷനായി അനുവദിക്കപ്പെട്ടത്. ഇത് അളന്ന് തിട്ടപ്പെടുത്തി നല്‍കുന്നതിന് സര്‍വ്വയറെ ചുമതലപ്പെടുത്തി.

ട്രഷറിയുടെ നിര്‍മ്മാണത്തിനുള്ള തുക ട്രഷറി വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്താനാകുമെന്ന് ട്രഷറി ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാലായിരുന്നു പദ്ധതി നീണ്ടു പോയത്. കഴിഞ്ഞ ദിവസം എം.എല്‍.എയുടെ ഇടപെടലിന്റെ ഭാഗമായി റജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു സ്ഥലം നല്‍കുന്നതിന് തീരുമാനമായത്.

മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ ട്രഷറിയെ ആശ്രയിക്കുന്ന പയ്യോളിയിലെ ജനങ്ങള്‍ക്ക് ഇത് ഏറെ ആശ്വാസകരമാണ്. എം.എല്‍.എയോടൊപ്പം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍, കൗണ്‍സിലര്‍ ടി.ചന്തു മാസ്റ്റര്‍, ജില്ലാ റജിസ്ട്രാര്‍, ട്രഷറി ഓഫീസര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.