‘കൃഷിയും നശിക്കും വെള്ളം കുടിയും മുട്ടും, ഞങ്ങളുടെ അവസ്ഥ അവഗണിക്കരുതേ’; നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മിക്കുന്നതോടെ പന്തലായനി പ്രദേശത്തെ ജലസ്രോതസ്സായ കനാൽ ഇല്ലാതാകുമോയെന്ന ഭയത്തിൽ നാട്ടുകാർ, സംരക്ഷിക്കുമെന്ന് കൊയിലാണ്ടി എം.എൽ.എ
ചെങ്ങോട്ടുക്കാവ്: റോഡ് വലുതാകും വികസനം എത്തും എന്നാൽ ഞങ്ങളുടെ വെള്ളംകുടി മുട്ടുമോ, മൂവായിരത്തോളം കുട്ടികൾ ആശ്രയിക്കുന്ന വഴി തടസ്സമാകുമോ’, നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് പണി പുരോഗമിക്കുന്നതോടെ പന്തലായനി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പെരുകുകയാണ്. സ്ഥലത്ത് ബെപാസ്സ് എത്തുന്നതോടെ സ്ഥലത്തെ പ്രധാന കനാൽ നഷ്ടമാവുകയോ എന്ന ഭീതിയിലാണിവർ. ഇതിനെത്തുടർന്ന് കാനത്തിൽ ജമീല എം.എൽ.എ സ്ഥലം സന്ദർശിച്ചു.
വേനൽക്കാലത്ത് കുടിവെള്ളവും കൃഷിയും ആശ്രയിക്കുന്ന പ്രധാന ഇടമാണ് ഈ കനാൽ. പ്രദേശത്തെ നാലു പ്രധാനപ്പെട്ട കുടിവെള്ള പദ്ധതിക്കും വെള്ളം ഇവിടെ നിന്നാണ് ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം തന്നെ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന പന്തലായനി ഹയർ സെക്കണ്ടറി വിദ്യാലത്തിലേക്കുള്ള വഴിയും തടസ്സപെടുന്ന അവസ്ഥയാണ്. ഇതിനു അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
11ാം വാർഡിലെ കുന്ന്യോറ മലകുടിവെള്ള പദ്ധതി,12ാം വാർഡിലെ പുത്തലത്ത് കുടിവെളള പദ്ധതി, 14ാം വാർഡിലെ കോയാരിക്കുന്ന് കുടിവെള്ള പദ്ധതി എന്നിവ പൂർണ്ണമായും കനാൽ വെള്ളത്തെയാണ് ആശ്രയിക്കാറ്. പ്രദേശങ്ങളിലെ മുഴുവൻ കിണറുകളുടേയും ജല ശ്രോതസ്സ് കൂടിയാണ് കനാൽ.
ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ബൈപ്പാസ് പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്ന പ്രദേശത്ത് എം.എൽ.എ സന്ദർശനം നടത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മെയിൻ കനാലും, ബ്രാഞ്ച് കനാലും വിദ്യാലയത്തിലേക്കുള്ള വഴിയും സംരക്ഷിക്കുമെന്നും എം.എൽ.എ ജനങ്ങൾക്ക് ഉറപ്പ് നൽകി. വാർഡ് കൗൺസിലർ പ്രജീഷ, കർഷക സംഘം മേഖലാ സെക്രട്ടറി പി.ചന്ദ്രശേഖരൻ, വിനീതൻ ചാത്തോത്ത്, രമേശൻ ടി.എം എന്നിവർ പങ്കെടുത്തു.