‘വെങ്ങളം മുതല്‍ മൂരാട് വരെ സര്‍വ്വീസ് റോഡിന് അഞ്ച് മീറ്റര്‍ വീതി പോലുമില്ല; തിക്കോടിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നും സര്‍വ്വീസ് റോഡുകള്‍ക്ക് വീതി കൂട്ടണമെന്നും നിയമസഭയില്‍ ഉന്നയിച്ച് എം.എല്‍.എ കാനത്തില്‍ ജമീല


കൊയിലാണ്ടി: നിയമസഭയില്‍ തിക്കോടിയില്‍ എത്രയും പെട്ടെന്ന് അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കാനത്തില്‍ ജമീല എം.എല്‍.എ. ദേശീയപാത പണി പുരോഗമിച്ചുകൊണ്ടിരിക്കെ രണ്ട് വര്‍ഷത്തോളമായി തിക്കോടിയിലെ ജനങ്ങള്‍ അടിപ്പാതയ്ക്കായി സമരം ചെയ്യുകയാണെന്നും ഒരു പ്രദേശം രണ്ടായി വിഭജിക്കപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിത്യേന നിരവധി ആളുകള്‍ സഞ്ചരിക്കുന്ന പാതയില്‍ ജനങ്ങളുടെ സഞ്ചാരപാത മുട്ടിക്കുന്നതരത്തിലാണ് ദേശീയപാത നിര്‍മ്മാണം നടക്കുന്നത്.

ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍. എന്നാല്‍ കൊയിലാണ്ടി മണ്ഡലത്തില്‍ വെങ്ങളം മുതല്‍ മൂരാട് പാലം വരെയുള്ള സര്‍വ്വീസ് റോഡിന്റെ വീതി അഞ്ച് മീറ്റര്‍ പോലും ഇല്ലാത്ത സ്ഥിതിയാണെന്നും ആയതിനാല്‍ ഈ റോഡിലൂടെ ഇരുവശത്തേയ്ക്കും വാഹനങ്ങള്‍ കടന്നുപോകുന്നത് വലിയ ബുദ്ധിമുട്ട് നേരിട്ടാണ്. ദിവസേന വലിയ ഗതാഗത തടസ്സവും ഇവിടങ്ങളില്‍ രൂപപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ഡ്രൈനേജ് കഴിഞ്ഞ് ഏറ്റെടുത്ത ഭൂമി മൂന്ന് മീറ്ററോളം ബാക്കിയായി കിടക്കുന്ന സ്ഥിതിയുണ്ടായിട്ടും സര്‍വ്വീസ് റോഡിന് വീതിയില്ലാത്തത് പരിശോധിക്കേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പങ്കെടുത്ത തിക്കോടി അടിപ്പാത സമരത്തില്‍ പോലീസ് സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും സമരപ്പന്തല്‍ പൊളിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ നടന്നിരുന്നു. അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇപ്പോഴും സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

തിക്കോടിയില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി ഒരു ബോക്‌സ് കള്‍വെട്ട് എങ്കിലും അനുവദിച്ച് നല്‍കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്രയും പെട്ടെന്ന് പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തണമെന്നും എം.എല്‍.എ സഭയില്‍ ഉന്നയിച്ചു.

എം.എല്‍.എ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമേറിയതാണെന്നും വെങ്ങളം മുതല്‍ മൂരാട് വരെ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാന്‍ സ്ഥലം ഉണ്ടായിട്ടും കുറഞ്ഞ വീതിയിലാണോ റോഡുകള്‍ നിര്‍മ്മിച്ചതെന്ന് അന്വേഷിക്കുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു.