‘ഭയത്തെ അകറ്റുന്ന സര്‍ഗപ്രവൃത്തിയാണ് വായന’ ; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സ്നേഹാദരവും പുസ്തകമേളയും പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്‍


കൊയിലാണ്ടി: മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നത് മാതൃഭാഷയാണെന്ന് പ്രശസ്ത കവിയും സാഹിത്യവിമര്‍ശകനുമായ കല്‍പ്പറ്റ നാരായണന്‍. ലോകത്തിലെ മാതൃഭാഷകള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഭാഷയും വായനയും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഭയം മൂലം ഉണ്ടാകുന്ന ഭക്തിയാണ് ഇന്ന് സമൂഹത്തിലെങ്ങും. ഭയത്തെ അകറ്റുന്ന സര്‍ഗ പ്രവൃത്തിയാണ് വായനയെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മോഡല്‍ ലൈബ്രറിയും അകം സാംസ്‌കാരിക വേദിയും സംഘടിപ്പിച്ച സ്‌നേഹാദരവ് പരിപാടിയില്‍ എന്തുകൊണ്ട് വായിക്കണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തോടെ വായിക്കുകയും പ്രതികരിക്കലുമാണ് യഥാര്‍ത്ഥ സര്‍ഗാത്മകത. വിധേയത്വമില്ലാത്ത ചിന്താ ശേഷിയുടെ വികാസത്തിന് അതിരുകള്‍ ഇല്ലാത്ത വായന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘എഴുത്തും വായനയും ചേരുന്നതാണ് സാഹിത്യത്തിന്റെ ലോകം. അതൊരു കലയാണ്. വിജയത്തിലേക്കുള്ള വഴി കൂടിയാണ് വായന. മറ്റൊരാളുടെ സൃഷ്ടി വായനക്കാരുടെ സ്വന്തം ആനന്ദവും വിഷാദവും പ്രണയവുമായി മാറുകയാണ്. എഴുത്തുകാരന്റെ അനുഭവങ്ങള്‍ വായനക്കാരന്റെയും ജീവിതമായി മാറുന്നു.’- അദ്ദേഹം പറഞ്ഞു.

പുന:സൃഷ്ടിക്കായാണ് മനുഷ്യകുലത്തെ പ്രകൃതി രൂപകല്‍പന ചെയ്തത്. മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മനുഷ്യന്റെ ഉത്ഭവം. പരിവര്‍ത്തനങ്ങളിലൂടെയാണ് ഇന്നത്തെ നിലയില്‍ മനുഷ്യവര്‍ഗം എത്തിയത്. നിരന്തര പരിശീലനങ്ങളിലൂടെയും ജ്ഞാനസമ്പാദനത്തിലൂടെയുമാണ് മനുഷ്യന്റെ അതിജീവനം. സൃഷ്ടിപരതയാണ് ഈ മാറ്റങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സ്‌കൂളിലെ പൂര്‍വാധ്യാപകനുമായ അദ്ദേഹത്തിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരങ്ങള്‍ കൈമാറി. പരിപാടിയോടനുബന്ധിച്ച് പുസ്തക മേളയും സംഘടിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ.സുധാകരന്‍, പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, എസ്.എസ്.ജി കണ്‍വീനര്‍ എം.ജി.ബല്‍രാജ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ എന്‍.വി.വത്സന്‍, ഗുരുപഥം കണ്‍വീനര്‍ വി.ഗംഗാധരന്‍,
സ്റ്റാഫ് സെക്രട്ടറി ഒ.കെ.ഷിജു എന്നിവര്‍ സംസാരിച്ചു.

Summary: Kalpatta Narayanan at the Snehadara and Book Mela event at GVHSS Koyilandy