തുടര്‍ച്ചയായ രണ്ടാം ദിവസവും എലത്തൂരില്‍ വില്‍ക്കാനായി കൊണ്ടുവന്ന കല്ലുമ്മക്കായ ചാക്കോടെ മോഷണം പോയി; രണ്ടുദിവസങ്ങളിലായി മോഷണം പോയത് 120 കിലോ കല്ലുമ്മക്കായ
എലത്തൂര്‍: എലത്തൂരില്‍ വില്‍ക്കാനായി കൊണ്ടുവന്ന കല്ലുമ്മക്കായ മോഷണം പോയതായി പരാതി. ചൊവ്വാഴ്ച അര്‍ധരാത്രി എഴുപത് കിലോ കല്ലുമ്മക്കായ അടങ്ങിയ ചാക്കും ബുധനാഴ്ച രാത്രി അന്‍പത് കിലോയുടെ ചാക്കുമാണ് മോഷ്ടാവ് കൊണ്ടുപോയത്. ചെട്ടികുളം സ്വദേശി മനോജിന്റെ കല്ലുമ്മക്കായയാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചെട്ടികുളം കാഞ്ഞൂറി അമ്പലത്തിന്റെ മുമ്പിലുള്ള കെട്ടിടത്തിലെ പാര്‍ക്കിങ് സ്ഥലത്ത് ഗുഡ്‌സ് ഓട്ടോയിലായിരുന്നു കല്ലുമ്മക്കായ അടങ്ങിയ ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. രാവിലെ വില്‍ക്കാനായി രാത്രി ഇവിടെ എത്തിച്ചതായിരുന്നു. പന്ത്രണ്ട് മണിയോടെ ആക്ടീവ സ്‌കൂട്ടറില്‍ ഇവിടെ എത്തിയ മോഷ്ടാവ് ഓട്ടോയില്‍ കയറി ചാക്ക് പുറത്തിട്ട് അത് സ്‌കൂട്ടറിലേക്ക് കയറ്റി കൊണ്ടുപോകുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്.
ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. വാഹനം സി.സി.ടി.വിയുടെ കണ്ണില്‍പ്പെടാത്ത തരത്തില്‍ പാര്‍ക്ക് ചെയ്തശേഷമായിരുന്നു മോഷണം. ഇതിന് പിന്നാലെ ബുധനാഴ്ചയും സമാനമായ രീതിയില്‍ കല്ലുമ്മക്കായ മോഷണം പോവുകയായിരുന്നു.