കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കല്‍ ഫെബ്രുവരി 23; ഇത്തവണ ചടങ്ങിന് ഒരു ആനയെന്ന് സൂചന
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ഫെബ്രുവരി 13ന് നടക്കും. പ്രഭാത പൂജയ്ക്കുശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടക്കുക. ഞായറാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറക്കുമ്പോള്‍ ഷാരടി കുടുംബാംഗം കാളിയാട്ടത്തിന്റെ തിയ്യതി വിളിച്ചു പറയും.
കാളിയാട്ടത്തിന് ഇത്തവണ ഒരു ആനയെ മാത്രമേ എഴുന്നള്ളിക്കൂ. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ആനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ള ക്ഷേത്രങ്ങളില്‍ ഒരാനയെ വെച്ച് എഴുന്നള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം കഴിഞ്ഞദിവസം തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആനകള്‍ മാത്രമേ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്.
മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലുമാണ് നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്. ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.
Summary: Kaliyattam Kurikal at Kollam Pisharikav Temple February 23