കളരി കളരിക്ക് പുറത്ത്; വർഷങ്ങൾ പലതു പിന്നിട്ടിട്ടും പാഠ്യപദ്ധതിയിൽ ഇടം പിടിക്കാനാവാതെ കളരി പഠനം
പി.എസ്.കുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളിൽ കളരി പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് ചുവട് പിഴച്ചിട്ട് വർഷങ്ങൾ. 2008- നവമ്പറിലാണ് ഈ ആയോധന കലയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്റെ പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചത്. 2010- ജൂലൈ മാസത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ കളരി പഠനത്തിനായി വിദ്യാർത്ഥികളെ കച്ചകെട്ടിക്കാനായിരുന്നു തീരുമാനം.
ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സ്കൂളുകളിൽ കളരിപരിശീലനം നിർബന്ധമാക്കാനുള്ള കരട് രേഖയും തയ്യാറാക്കി. ഇതിന്റെ ഭാഗമായി കോഴിക്കോട് വെച്ച് കളരി പണ്ഡിത സദസ്സും സംഘടിപ്പിക്കുകയുണ്ടായി. അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായിരുന്ന ടി പി ദാസൻ ചെയർമാനായി 15 -അംഗ കമ്മിറ്റിയേയും തെരെഞ്ഞെടുക്കപ്പെട്ടു. അഞ്ച് പേർ ഉൾപ്പെട്ട സിലബസ് കമ്മിറ്റിയും രൂപീകരിച്ചു.തുടർന്ന് സിലബസ് രൂപീകരണ നടപടികളും ഏതാണ്ട് മുക്കാൽ ഭാഗം പൂർത്തീകരിക്കുകയുണ്ടായി. സംസ്ഥാന തലങ്ങളിൽ കളരി പയറ്റ് മത്സരങ്ങളിൽ വിജയികളായവരെ പരിശിലകരായി നിയമിക്കാനും തീരുമാനമുണ്ടായി. സ്കൂൾ ഹാളുകളിൽ വെച്ച് വിഷയപഠനശേഷമുള്ള സമയം കളരി പരിശീലനത്തിനായി വിനിയോഗിക്കാം എന്നതായിരുന്നു കമ്മിറ്റിയുടെ നിഗമനം.
അദ്ധ്യയന വർഷങ്ങൾ നിരവധി പിന്നിട്ടിട്ടും തുടർ നടപടികളില്ലാതെ കളരി പരിശീലന പദ്ധതിയെ അധികൃതർ പടിക്ക് പുറത്ത് നിർത്തുകയാണെന്ന ആക്ഷേപമാണ് ഈ രംഗവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുയരുന്നത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ക്ഷമത ഉറപ്പു വരുത്താനും ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം കൈവരിക്കാനും ഏറെ പ്രയോജനകരമായ ഈ ആയോധനമുറയെ പ്രൈമറി തലം മുതൽ പരിശീലിപ്പിക്കണമെന്ന പ്രതികരണവും ഉയരുന്നുണ്ട്.