സിഗരറ്റ് കൂടില്‍ ഒളിപ്പിച്ച രീതിയിലെ കഞ്ചാവ് വില്പന; കോഴിക്കോട് നിന്നും കഞ്ചാവുമായി കക്കോടി സ്വദേശി പിടിയില്‍


കോഴിക്കോട്: പാളയം ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടത്തിയ കക്കോടി സ്വദേശി പൊലീസ് പിടിയില്‍. കക്കോടി സ്വദേശി ചെറുകുളം കള്ളി കാടത്തില്‍ ജംഷീറിനെയാണ് കഞ്ചാവുമായി പിടികൂടിയത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, കസബ എസ്.ഐ ജഗ് മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് 55 ഗ്രാം കഞ്ചാവുമായി പാളയം സ്റ്റാന്റില്‍ നിന്നും ഇയാളെ പിടി കൂടിയത്.

വിദ്യാര്‍ത്ഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 300, 500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. കഞ്ചാവ് വില്‍പന നടത്തിയ 4680 രൂപയും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബസ്സ്റ്റാന്റില്‍ കഞ്ചാവ് വാങ്ങുന്നതിനായി യുവാക്കളും, വിദ്യാര്‍ത്ഥികളും എത്തുമ്പോള്‍ അവരില്‍ നിന്നും പണം വാങ്ങിയശേഷം ബസ്സ് സ്റ്റാന്റിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ ഉപേക്ഷിച്ച നിലയിലുള്ള ‘സിഗരറ്റ് കൂട് കാണിച്ച് സാധനം അതില്‍ ഉണ്ടെന്ന് പറയും എന്നിട്ട് സിഗരറ്റ് കൂട് എടുത്തു പെട്ടന്ന് പോയ്‌ക്കോളാന്‍ പറയും. പോലീസ് പിടി കൂടാതിരിക്കാന്‍ കഞ്ചാവ് കയ്യില്‍ വയ്ക്കാതെ ഈ രീതിയിലാണ് വില്‍പന നടത്തുന്നത്.

ലഹരിക്കെതിരെ റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ്സ്റ്റാന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേക്ഷണം ഊര്‍ജ്ജിതമാക്കുമെന്ന് നാര്‍ക്കോടിക് സെല്‍ അസി: കമ്മീഷണര്‍ കെ.എ.ബോസ് പറഞ്ഞു. ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, അനീഷ് മുസ്സേന്‍വീട് സുനോജ് കാരയില്‍, കസബ സ്റ്റേഷനിലെ സുനില്‍കുമാര്‍, ജിതേന്ദ്രന്‍, സക്കറിയ എന്നിവരാണ് അന്വേക്ഷണത്തില്‍ ഉണ്ടായിരുന്നത്.

Summary:Kakkodi native arrested with ganja from Kozhikode