”ചിലരെ ചോദ്യം ചെയ്തിട്ടില്ലല്ലോ?” കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി


കൊച്ചി: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിക്കാരനായ എം.എസ്.എഫ് നേതാവിന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിര്‍ കേസ് പരിഗണിച്ചത്.

മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സാക്ഷികളില്‍ ഒരാള്‍ പറഞ്ഞിരുന്നു. എന്നിട്ടും അയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. ഇയാളെ ചോദ്യം ചെയ്യാത്ത കാലത്തോളം ഉത്തരം ലഭിക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കി.

ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഇതിന്റെ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയില്‍ പോകുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. കേസ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്റെ പേരിലുളള വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത് ഇടതു സൈബര്‍ വാട്‌സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Summary: High Court asks Govt to find source of Kafir screenshot