‘ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം’; 24 ന്റെ നിറവിൽ ചേമഞ്ചേരിയിലെ അഭയം സ്പെഷൽ സ്കൂൾ
ചേമഞ്ചേരി: ഇരുപത്തി നാലാം വാർഷികാഘോഷം സംഘടിപ്പിച്ച് അഭയം സ്പെഷൽ സ്കൂൾ. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ഭിന്നശേഷി മേഖലയിൽ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി അഭയം ചേമഞ്ചേരി നല്കിവരുന്ന സേവനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അവർക്ക് ആവശ്യം അനുകമ്പയല്ലന്നും അനുതാപമാണെന്നും എം.പി സൂചിപ്പിച്ചു. അഭയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സർവ്വവിധ പിന്തുണയും ഉണ്ടാകുമെന്നും എം.പി അറിയിച്ചു.
അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ മുഖ്യഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗം ഗീത മുല്ലോളി എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ അഭയത്തിന് നൽകിയ രണ്ട് വീൽ ചെയർ ഖത്തർ ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ്സയിൽ നിന്നും എം.പി ഏറ്റുവാങ്ങി. ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് രാജി ബാബു നന്ദിയും പ്രകാശിപ്പിച്ചു.
Summary: 24 th anniversary of abhayam special school in chemanchery