സ്വയരക്ഷയ്ക്കൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയ്ക്ക് തുടക്കമായി


മേപ്പയ്യൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതിയാണ് ജൂഡോക. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്‍ സ്വയം രക്ഷ പരിശീലിപ്പിക്കുന്നതിനും ചിട്ടയും ആത്മവിശ്വാസവുമുള്ള ഒരു ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ജൂഡോയില്‍ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ശാസ്ത്രീയ രീതികളിലൂടെ കുട്ടികളിലെ കഴിവ് വികസിപ്പിച്ച് ഉന്നതതലത്തിലുള്ള മത്സരങ്ങളില്‍ അഭിമുഖീകരിക്കുന്നതിന് അവരെ സജ്ജരാക്കാനും ഈ പദ്ധതിയില്‍ ഉദ്ദേശിക്കുന്നു.മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെയും 40 കുട്ടികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം കിട്ടും.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ സ്വാഗതവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ എ.പി, ടെക്‌നിക്കല്‍ സെക്രട്ടറി കേരള ജൂഡോ അസോസിയേഷന്‍ ജോയി വര്‍ഗീസ്, ജയചന്ദ്രന്‍ ടി.ആര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫെയ്‌സ് കോഴിക്കോട്)പി.ടി.എ പ്രസിഡന്റ് എം.എം ബാബു, എസ്.എം.സി ചെയര്‍മാന്‍ ഇ.കെ ഗോപി, പി.ടി.എ വൈസ്പ്രസിഡന്റ് എം.എം അഷറഫ്, പ്രിന്‍സിപ്പല്‍ എച്ച്.എം കെ.നിഷിദ്, അഡീഷണല്‍ എച്ച്.എം വി.കെ സന്തോഷ്, വി.എച്ച്.സി പ്രിന്‍സിപ്പല്‍ അര്‍ച്ചന, ഇ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു സമീര്‍ പി നന്ദി പ്രകാശിപ്പിച്ചു