ജനങ്ങളെ പറ്റിക്കാന്‍ നോക്കല്ലേ, പണി കിട്ടും; കൊയിലാണ്ടിയിലെ കടകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന, നാല് കടകള്‍ക്ക് പിടി വീണു


കൊയിലാണ്ടി: നഗരത്തിലെ കടകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി വകുപ്പുകളാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നാല് കടകളില്‍ ക്രമക്കേട് കണ്ടെത്തി.

നഗരത്തിലെ 15 കടകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. ഈ കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് പറഞ്ഞു.

പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ശശിധരന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഷാജിര്‍.കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി.രാധാകൃഷ്ണന്‍,വി.വി.ഷിബു, മറ്റ് ജീവനക്കാരായ നിജിന്‍ രാജ്, ഗിരീഷ് കുമാര്‍.ഇ, ജ്യോതി ബസു എന്നിവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.