‘ഉത്പാദന മേഖലയെല്ലാം മൂലധന ശക്തികൾ കയ്യടക്കുന്നു, പെൻഷനും തൊഴിലും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണം’; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ജോയിന്റ് കൗണ്‍സില്‍ ഉത്തര മേഖലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സത്യൻ മൊകേരി


വടകര: നവലിബറൽ നയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കാൻ തുടങ്ങിയത് മുതല്‍ മൂലധന ശക്തികൾ ഭരണകൂടങ്ങളിൽ പിടിമുറുക്കി അവരുടെ നയങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയാണന്ന് സി.പി.ഐ കൺട്രോൾ കമ്മീഷന്‍ സെക്രട്ടറി സത്യൻ മൊകേരി. വടകര വി.ആർ. ബീന മോൾ നഗറിൽ (ക്രാഫ്റ്റ് വില്ലേജ്) ഇന്നലെ സംഘടിപ്പിച്ച ജോയിന്റ്‌ കൗൺസിലിൻ്റെ ഉത്തര മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഉത്പാദന മേഖലയെല്ലാം മൂലധന ശക്തികൾ കയ്യടക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ പോലും നയങ്ങൾ മൂലധന ശക്തികൾ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെല്ലാ ഭാഗത്തും തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നുണ്ട്. വളർന്നു വരുന്ന പ്രതിരോധങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വികസിത കോർപ്പറേറ്റ് നിയന്ത്രിത രാജ്യങ്ങളിൽ സിവിൽ സർവ്വീസില്ല. അതെല്ലാം കോർപ്പറേറ്റ് ഭീമൻമാരുടെ നിയന്ത്രണത്തിലാണ്. അത് ഇന്ത്യയിലും നടപ്പിലാക്കാൻ ശ്രമിക്കുന്നു. 90 കളിൽ രാജ്യത്ത് തുടങ്ങിയ സ്വകാര്യവത്കരണം മോദി തീവ്രസ്വഭാവത്തോടെ നടപ്പിലാക്കുന്നു ആയുധ നിർമ്മാണം, തുറമുഖം വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളെയും സ്വകാര്യവത്കരിക്കുന്നു. അതിന് മുന്നോടിയായിട്ട് പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കിയിട്ട് മൂലധന ശക്തികൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന നീതി ആയോഗ് തുടങ്ങി. പദ്ധതികൾ നടപ്പിലാക്കുന്നതിൽ ജനാധിപത്യം ഇല്ലാതാക്കി. ഗവേഷണ മേഖലയുൾപ്പെടെ അടിസ്ഥാന മേഖലകൾ കയ്യടക്കാൻ കോർപ്പറേറ്റ് മേഖലയെ സഹായിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യമൊരു തിരഞ്ഞെടുപ്പ് ഏകാധിപത്യത്തെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. നമ്മുടെ പൊതുമേഖല പൂർണമായും വിറ്റു തുലച്ചു. പ്രതിരോധത്തെ ചെറുക്കുന്നതിനായി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിവിൽ സർവ്വീസിനെ വെട്ടിക്കുറക്കുകയാണ്. താഴെത്തട്ടിലെ ജീവനക്കാരെ ഒഴിവാക്കുന്നു. നിർമ്മിത ബുദ്ധിയെ സിവിൽ സർവ്വീസുമായി ബന്ധിപ്പിക്കുന്ന പേരു പറഞ്ഞ് ഇടത്തരം സർവ്വീസ് പൂർണമായും ഒഴിവാക്കുകയാണ്. പെൻഷൻ ഒഴിവാക്കി. ഇത് എല്ലാവിഭാഗം തൊഴിലാളികളുടെയും തൊഴിൽ സുരക്ഷ ഇല്ലാതാക്കി. പെൻഷനും തൊഴിലും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും സത്യൻ മൊകേരി പറഞ്ഞു.

യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ബാലൻ മാസ്റ്റർ അദ്ധക്ഷത വഹിച്ചു. അഡ്വ എസ്. സുനിൽ മോഹൻ, ജോയിന്റ്‌ കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ, എം.എസ് സുഗൈതകുമാരി, നരേഷ് കുമാർ കുന്നിയൂർ, വി.സി ജയപ്രകാശ്, എ ഗ്രേഷ്യസ്, കെ.ഷാനവാസ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, മുൻ ചെയർമാൻ ജി. മോട്ടിലാൽ, സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സജീവ്, കെ.മുകുന്ദൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിന് സ്വാഗത സംഘം ജനറൽ കൺവീനർ പി.സുനിൽകുമാർ സ്വാഗതവും, പി.റാം മനോഹർ നന്ദിയും പറഞ്ഞു.

Description: Joint Council Northern Region Leadership Training Camp at Iringal Craft Village